അച്ഛൻ സ്വത്തുക്കൾ പ്രണയിനിക്ക് എഴുതിക്കൊടുക്കുമെന്ന് ഭയം, വ്യവസായിയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് മകൻ; വിനീത് മനോച്ച കൊലക്കേസിൽ ട്വിസ്റ്റ്

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രമുഖ മരുന്ന് വ്യവസായി വിനീത് മനോച്ച (63) കൊല്ലപ്പെട്ട കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പിതാവിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൈവിട്ടുപോകുമെന്ന ഭയത്താൽ ഏക മകൻ സുബ്രത് മനോച്ചയാണ് ക്വട്ടേഷൻ നൽകി പിതാവിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ്. നേരത്തെ, കേസിൽ വിനീത് മനോച്ചയുടെ മരുമകൾ ശാലു മനോച്ചയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, വിശദമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും മകൻ സുബ്രതാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് തെളിഞ്ഞു.
സെപ്റ്റംബർ 5-ന് പുലർച്ചെ കാൺപൂരിലെ വസതിയിലാണ് 60 കാരനായ വിനീത് മനോച്ച കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്ന സമയത്ത് അദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു. മകൻ സുബ്രതും ഭാര്യ ശാലുവും ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. വിനീത് മനോച്ചയ്ക്ക് മറ്റ് ചില സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും, അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് സ്വത്തുക്കൾ ആ സ്ത്രീക്ക് എഴുതിക്കൊടുക്കുമോ എന്ന ഭയത്തിലാണ് മകൻ പിതാവിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് വെളിപ്പെടുത്തി.
തന്റെ പിതാവിന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നും, അദ്ദേഹം മറ്റൊരു സ്ത്രീയോടൊപ്പം താമസം തുടങ്ങുകയും തന്റെ സ്വത്തുക്കളെല്ലാം അവരുടെ പേരിലേക്ക് മാറ്റുകയും ചെയ്തേക്കുമെന്ന് ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ചോദ്യം ചെയ്യലിനിടെ സുബ്രത് പൊലീസിനോട് പറഞ്ഞു. പിടിയിലായാൽ കുറ്റം ഭാര്യ ശാലുവിന്റെ തലയിൽ കെട്ടിവെക്കണമെന്ന് ക്വട്ടേഷൻ സംഘത്തോട് സുബ്രത് മുൻകൂട്ടി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ വീട്ടുജോലിക്കാരനായ വിശാൽ ഗൗതം ആദ്യം ശാലുവിന്റെ പേരാണ് പൊലീസിനോട് പറഞ്ഞത്.




