Uncategorized

ദീപാലംകൃതം, നയനാനന്ദം…; വിശ്വാസികളുടെ കണ്ണും മനസും നിറച്ച് വല്ലാര്‍പാടം ബസിലിക്കയുടെ മരിയന്‍ ഗോപുരങ്ങളിലെ ദൃശ്യങ്ങള്‍

കൊച്ചി: ഭീമാകാരമായ ഒരു ടെലിവിഷന്‍ സ്‌ക്രീന്‍ പോലെയാണ് വല്ലാര്‍പാടം ബസിലിക്കയുടെ മരിയന്‍ ഗോപുരങ്ങളിലെ ദൃശ്യങ്ങള്‍. യേശുവിന്റേയും, ഉണ്ണിയെ കയ്യിലേന്തിയ പരിശുദ്ധ മറിയത്തിന്റേയും, മാലാഖ വൃന്ദത്തിന്റേയും ചിത്രങ്ങള്‍ മരിയന്‍ ഗോപുരങ്ങളില്‍ മിന്നിമറയുമ്പോള്‍ തീര്‍ത്ഥാടകരായെത്തുന്ന അനേകായിരം വിശ്വാസികള്‍ക്ക് ആ കാഴ്ച്ചകള്‍ നല്കുന്ന ദിവ്യാനുഭൂതി വാക്കുകള്‍ക്കധീതമാണ്. ചരിത്ര പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാളിനോടനുബന്ധിച്ച് പ്രസുദേന്തി ഉണ്ണി ജോസഫ് ഒരുക്കിയിരിക്കുന്ന ദീപപ്രപഞ്ചം ഇതില്‍ മാത്രം ഒതുങ്ങുന്നതല്ലഗോശ്രീ റോഡില്‍ നിന്നാരംഭിച്ച് ബസിലിക്ക തിരുമുറ്റം വരെയെത്തുന്ന പ്രദക്ഷിണ വഴിയാകെ പൊന്‍പ്രഭ തൂകുന്ന എല്‍ ഇ ഡി ദീപങ്ങളില്‍ കുളിച്ചു നില്ക്കുകയാണ്. പള്ളിക്ക് മുന്നിലെ വിശാലമായ ജപമാലോദ്യാനവും, പരിശുദ്ധാത്മാവിന്റെ ദേവാലയവും, ബസിലിക്കയുടെ സമീപ പ്രദേശങ്ങളും പ്രധാന വഴികളും, എന്തിനേറേ, ഇടവകയിലെ പരേതാത്മാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന സിമിത്തേരിയുള്‍പ്പടെ കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരങ്ങളാണ് ഇക്കുറി തീര്‍ത്ഥാടകര്‍ക്ക് കാണുവാന്‍ കഴിയുന്നത്.നൂറ്റിയിരുപത് അടി ഉയരത്തിലുള്ള രണ്ട് മരിയന്‍ ഗോപുരങ്ങളോട് ചേര്‍ന്ന്, അത്രയും തന്നേ ഉയരത്തിലുള്ള ഇരുമ്പ് ചട്ടക്കൂടുകള്‍ സ്ഥാപിച്ച് അതില്‍ എല്‍ ഇ ഡി വോളുകള്‍ക്ക് സമാനമായ സംവിധാനം ഉറപ്പിച്ചാണ് മനോഹരമായ വര്‍ണ്ണ കാഴ്ച്ച ഒരുക്കിയിരിക്കുന്നത്. തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ വഴികാട്ടിയായ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ ദിനങ്ങള്‍ പ്രകാശത്തിന്റെയും വരദാനങ്ങളുടേയും നാളുകളാകണമെന്ന ആഗ്രഹമാണ് ഇത്രയ്ക്കും വിപുലവും മനോഹരവുമായ ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നതിന് പ്രചോദനമായതെന്ന് പ്രസുദേന്തി തെക്കേപാടത്ത് ഉണ്ണി ജോസഫ് പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button