വി ഡി സവർക്കറെ ഉൾപ്പെടുത്തി വിവാദ ചോദ്യാവലി; അന്തിമ അന്വേഷണ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി ഡിഡിഇ.

കാസർകോട്: കാസർകോട്ടെ സവർക്കർ ചോദ്യോത്തര വിവാദത്തില്‍ അന്തിമ അന്വേഷണ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി ഡിഡിഇ. കെ ഗുരുപ്രസാദ് ഉൾപ്പടെ മൂന്ന് അധ്യാപകർ ചേർന്നാണ് ചോദ്യോത്തരം തയ്യാറാക്കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചോദ്യങ്ങൾ തയ്യാറാക്കിയത് കൃത്യമായ മാനദണ്ഡ പ്രകാരമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കർണാടക സിലബസിലെ പാഠഭാഗങ്ങളാണ് റെഫർ ചെയ്തതെന്നാണ് അധ്യാപകരുടെ മൊഴി. അതേസമയം, രഹസ്യ സ്വഭാവം സൂക്ഷിക്കാൻ ചോദ്യങ്ങൾ പരിശോധിച്ചില്ലെന്നാണ് എഇഒമാരുടെ വിചിത്രമായ മൊഴി.
സ്കൂൾതല സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരത്തിന് വേണ്ടിയായിരുന്നു വിവാദ ചോദ്യം തയ്യാറാക്കിയത്. എൽപി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയാണ് വിവാദമായത്. ആഗസ്റ്റ് ആറിന് എൽപി സ്കൂൾ കുട്ടികൾക്കായി നടത്തിയ ക്വിസ് പരിപാടിയിലാണ് ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടിവന്ന സ്വാതന്ത്ര്യ സമര സേനാനിയായി വിഡി സവർക്കറെ ഉൾപ്പെടുത്തിയത്. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആരാണെന്നായിരുന്നു ചോദ്യം. ഉത്തര സൂചികയിൽ വി ഡി സവർക്കർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഓഗസ്റ്റ് 9-നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഗുരുപ്രസാദ് റായിയെ സസ്പെൻഡ് ചെയ്തത്.




