Uncategorized

‘കയ്യിൽ വണ്ടിയുണ്ടെങ്കിലും കുറച്ച് വെയ്റ്റ് ചെയ്ത് രോഗിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുന്നതാണ് ശരി’

കൊച്ചി: എറണാകുളം കണ്ടെയ്‌നര്‍ റോഡിലുണ്ടായ അപകടത്തില്‍ പരിക്കേറ്റയാളെ തന്റെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നേതൃത്വം നല്‍കിയ സംഭവത്തില്‍ ഡോക്ടര്‍ മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കിയെന്നുള്ള വാര്‍ത്ത കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും എന്നാല്‍ അതിന്റെ വീഡിയോ കണ്ടപ്പോള്‍ സങ്കടമാണ് തോന്നിയതെന്നും മനോജ് വെള്ളനാട് പറഞ്ഞു. ആ രോഗിയെ ആശുപത്രിയിലേക്ക് മാറ്റേണ്ടത് അങ്ങനെയായിരുന്നില്ലെന്നും ഒരു സ്‌പൈന്‍ ബോര്‍ഡ് പോലുമില്ലാതെ അഞ്ചാറ് പേര്‍ ചേര്‍ന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരമാണെന്നും മനോജ് വെള്ളനാട് കുറിപ്പില്‍ പറഞ്ഞു.

അശാസ്ത്രീയമായി നീക്കിയാല്‍ രോഗിക്ക് സാരമായ പ്രശ്‌നങ്ങളുണ്ടാകാമെന്ന് മനോജ് വെള്ളനാട് പറഞ്ഞു. വാഹനാപകടങ്ങളില്‍ പെടുന്നവരില്‍ കഴുത്തിനും നട്ടെല്ലിനും ക്ഷതം സംഭവിക്കാന്‍ വലിയ സാധ്യതയുണ്ടെന്നും സ്‌പൈന്‍ ബോര്‍ഡോ സെര്‍വിക്കല്‍ കോളറോ ഇല്ലാതെ രോഗിയെ കൈകളിലും കാലുകളിലും പിടിച്ച് ഉയര്‍ത്തുമ്പോള്‍, സ്ഥാനഭ്രംശം വന്ന കശേരുക്കള്‍ സുഷുമ്‌നാനാഡിയെ മുറിക്കുകയോ ചതയ്ക്കുകയോ ചെയ്യാമെന്നും മനോജ് വെള്ളനാട് പറയുന്നു. ശ്വസനനാളി തടസ്സപ്പെടല്‍, ആന്തരിക രക്തസ്രാവം വര്‍ധിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മനോജ് വെള്ളനാട് പറഞ്ഞു.മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളില്‍ ശാസ്ത്രീയമായ ധാരണ ഉണ്ടാവണമെന്നില്ലെന്നും എന്നാല്‍ കൃത്യമായ പരിശീലനം ലഭിച്ചിട്ടുള്ള പൊലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ അക്കാര്യങ്ങള്‍പ്പെടുത്താമായിരുന്നുവെന്നും മനോജ് വെള്ളനാട് പറഞ്ഞു. റോഡില്‍ അപകടത്തില്‍പെട്ട് കിടക്കുന്ന ഏതൊരാളെയും സഹായിക്കാന്‍ മനസ് കാണിക്കുന്നത് ശ്ലാഘനീയമാണ്. ഒരു മുഖ്യമന്ത്രി തന്നെ അതു ചെയ്യുമ്പോള്‍ നിരവധി പേര്‍ക്ക് അത് മാതൃകയുമാവും. പക്ഷെ നമ്മുടെ കൈയില്‍ വണ്ടിയുണ്ടെങ്കിലും അഞ്ചോ പത്തോ മിനിട്ട് വെയ്റ്റ് ചെയ്യേണ്ടി വന്നാലും ഒരു ആംബുലന്‍സ് വിളിച്ച് അതില്‍ ഏറ്റവും സുരക്ഷിതമായി രോഗിയെ ആശുപത്രിയില്‍ എത്തിക്കുകയാണ് ശരി. അതുവരെ അവിടെ വച്ച് ചെയ്യാവുന്ന പ്രഥമശുശ്രൂഷകള്‍ സാധ്യമാണെങ്കില്‍ ചെയ്യുകയാണ് വേണ്ടതെന്നും മനോജ് വെള്ളനാട് കൂട്ടിച്ചര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button