മന്ത്രി കെ എം ഷാജി നാലുകോടിയുടെ സ്വകാര്യ വാഹനം ഉപയോഗിക്കുന്നത് ദുരൂഹം; ഇഡി നീക്കം യുഡിഎഫ് – ആർഎസ്എസ് രാഷ്ട്രീയ ഗൂഢാലോചന: എം വിജിൻ

മന്ത്രി കെ എം ഷാജിയുടെ വാഹന വിവാദത്തിൽ പ്രതികരിച്ച് എം വിജിൻ എംഎൽഎ. മന്ത്രി നാലുകോടിയുടെ സ്വകാര്യ വാഹനം ഉപയോഗിക്കുന്നത് ദുരൂഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ എം ഷാജിയുടേത് നിയമ വിരുദ്ധ നടപടിയാണെന്ന് പറഞ്ഞ എം വിജിൻ
മന്ത്രി ഉപയോഗിക്കുന്ന സ്വകാര്യ വാഹനത്തിന് ലോഗ് ബുക്ക് ഉണ്ടോ എന്നും ചോദിച്ചു.ഈ വാഹനം എവിടെ പോകുന്നു എന്തിന് ഉപയോഗിക്കുന്നു എന്നതിന് രേഖകൾ ഉണ്ടാകുമോ? വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി വാഹനം മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും എം വിജിൻ വ്യക്തമാക്കി.
കേരളത്തിൽ നടക്കുന്ന ഇ ഡി വേട്ട യുഡിഎഫ് – ആർഎസ്എസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ ചൂണ്ടിക്കാട്ടി. പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും വേട്ടയാടുകയാണ്. ഇടതുപക്ഷത്തെ തകർക്കാനാണ് ശ്രമം. കേരളത്തിൽ ആർഎസ്എസ് ആഗ്രഹിക്കുന്നതാണ് സർക്കാർ നടപ്പിലാക്കുന്നത്. RC, PK, OC എന്നിവരിലേക്ക് കൂടി അന്വേഷണം പോകുമോ എന്ന് വ്യക്തമാക്കണമെന്നും ഇഡിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലിനെ ഡിവൈഎഫ്ഐ ശക്തമായി എതിർക്കുമെന്നും എം വിജിൻ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെട്ട കാസർഗോഡ് എംഡിഎംഎ കേസ് അട്ടിമറിക്കാൻ വീണ്ടും ശ്രമം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്താതിരിക്കാൻ ഇടപെടൽ നടക്കുന്നുണ്ട്. പ്രതിയായ ഹുസൈനെ പൊലീസ് സംരക്ഷിക്കുമെന്നും കോടതിയിൽ നിന്ന് വരുന്ന വിവരങ്ങൾ അത് വ്യക്തമാക്കുന്നുണ്ടെന്നും എം വിജിൻ പറഞ്ഞു.




