Uncategorized

ശബരിമല മണ്ഡലകാലം: വിർച്വൽ ക്യൂ ബുക്കിം​ഗ് പൂർത്തിയായി, 80000 പേർക്ക് ദർശനത്തിന് അനുമതി, എത്തിയത് 37000 പേർ മാത്രം

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലകാലത്തെ വിർച്വല്‍ ക്യൂ മുഴുവൻ ബുക്കിങ് ആകുമ്പോഴും ദർശനത്തിന് എത്തുന്നത് പകുതിയോളം പേർ മാത്രമാണ്. 80000 പേർക്ക് ദർശനത്തിന് അനുമതിയുള്ള ഇന്നലെ 37,000 പേരാണ് സന്നിധാനത്ത് എത്തിയത്. സാഹചര്യം പരിശോധിക്കാൻ ഇൻറലിജൻസ് വിഭാഗത്തോട് ദേവസ്വം ബോർഡ് നിർദേശിച്ചു. ബുക്കിങ് ഏജന്‍റുമാരുടെ ഇടപെടലെന്ന വാദം ശബരിമല സ്പെഷ്യല്‍ ഓഫിസർ തള്ളി.

ശബരിമലയില്‍ ഒരു ദിവസം വിർച്വല്‍ ക്യൂ വഴിയുള്ള 66000വും സ്പോട്ട് ബുക്കിങ് വഴി 14000 അടക്കം 80000 പേർക്കാണ് ദ‍ർശനത്തിന് അനുമതിയുള്ളത്. എന്നാല്‍ മണ്ഡല മകര വിളക്ക് തീർത്ഥാടനം തുടങ്ങിയതിന് പിന്നാലെ തന്നെ വിർച്വല്‍ ക്യൂ മുഴുവൻ ബുക്കിങ് ആയി. നിലവില്‍ ഡിസംബർ 25 വരെ വിർച്യല്‍ ക്യൂ ഒഴിവില്ലെന്നതാണ് സാഹചര്യം. എന്നാല്‍ ഓരോ ദിവസവും നേരിട്ട് ദർശനം നടത്തുന്നത് ബുക്ക് ചെയ്തവരില്‍ പകുതിയോളം മാത്രമേ ഉള്ളു. ചില സീസണുകളിലെ ആദ്യ ദിവസങ്ങളില്‍ തീർത്ഥാടകർ കുറയാറുണ്ട്. ബുക്ക് ചെയ്തവർ മുഴുവൻ എപ്പോഴും വരണമെന്നുമില്ല. എങ്കിലും ഈ സാഹചര്യത്തെ കുറിച്ച് വിശദമായി പരിശോധന നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഇന്‍റലിജന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിർച്വല്‍ ക്യൂ ബുക്ക് ചെയ്യാൻ കഴിയാതെ ശബരിമലയില്‍ എത്തിയാലും തീർത്ഥാടകർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെ മലകയറാം. ക്യൂ പൂര്‍ണമായതിനാല്‍ സ്പോട്ട് ബുക്കിങ് കൂട്ടാനും ബോ‍ർഡ് ആലോചിക്കുന്നുണ്ട്. ടൂർ ട്രാവല്‍ ഏജൻസികള്‍ കൂട്ടത്തോടെ ബുക്ക് ചെയ്തതാണോയെന്ന സംശയം ഉണ്ടെങ്കിലും അടിസ്ഥാനമില്ലെന്നാണ് പൊലീസ് വാദം. ആധാർ വച്ചുള്ള ബുക്കിം​ഗ് ആയതിനാൽ സാധ്യതയില്ലെന്നാണ് പൊലീസ് നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button