മൂന്നാറിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; പൊറുതിമുട്ടി നാട്ടുക്കാർ

ഇടുക്കി മൂന്നാറിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. സൈലന്റ് വാലിയിൽ ഒരു ഓട്ടോറിക്ഷ കാട്ടാനക്കൂട്ടം തകർത്തു. മൂന്നാർ സൈലന്റ് വാലി ഒന്നാം ഡിവിഷനിലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം അരങ്ങേറിയത്. മുനിയാണ്ടി എന്നയാളുടെ ഓട്ടോറിക്ഷയാണ് കാട്ടാനക്കൂട്ടം ആക്രമിച്ച് തകർത്തത്. കുട്ടിയാന ഉൾപ്പെടെ ഏഴ് കാട്ടാനകൾ കഴിഞ്ഞദിവസം മുതൽ സൈലന്റ് വാലിയിൽ നിലയുറപ്പിച്ചിരുന്നു.ഇന്നലെ പ്രദേശത്ത ഒരു പശുത്തൊഴുത്തും കാട്ടാനക്കൂട്ടം തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മുനിയാണ്ടിയുടെ ഓട്ടോറിക്ഷയ്ക്ക് നേരെയും ആക്രമണമുണ്ടായത്. ഓട്ടോ ഓടിച്ച് കുടുംബം പുലർത്തുന്ന മുനിയാണ്ടിക്ക് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം വലിയ തിരിച്ചടിയായി.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇടുക്കിയുടെ പലഭാഗങ്ങളിലായി കാട്ടാനകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടുകയാണ് നാട്ടുക്കാർ. കഴിഞ്ഞ ദിവസം ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശ് സ്വദേശി കുമാറായിരുന്നു കൊല്ലപ്പെട്ടത്.




