Uncategorized

അമിത് ഷായുടെ ഏകീകൃത സിവില്‍ കോഡ് പ്രഖ്യാപനം തള്ളി ജെഡിയു; ബിഹാറിൽ നടപ്പാക്കില്ല

ന്യൂഡല്‍ഹി: എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ തള്ളി ജെഡിയു. ബിഹാറില്‍ നടപ്പാക്കില്ലെന്ന് ജെഡിയു ദേശീയ നേതൃത്വം വ്യക്തമാക്കി. നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. നിലപാടില്‍ മാറ്റമില്ലെന്നും ജെഡിയു ദേശീയ നേതൃത്വം കൂട്ടിച്ചേര്‍ത്തു.

2029 ന് മുന്‍പ് എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ഇന്നലെ അമിത് ഷാ പറഞ്ഞിരുന്നു. ‘എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ 2029ന് മുമ്പ് ഏകീകൃത സിവില്‍ കോഡ് അവതരിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. 2029ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.

ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ബിജെപി സര്‍ക്കാരുകള്‍ ഏകസിവില്‍ കോഡ് കൊണ്ടുവന്നിരുന്നു. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ ജൂലൈയില്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ നിയമസഭ ഏക സിവില്‍ കോഡ് ബില്‍ പാസാക്കിയിരുന്നു. അനന്തരാവകാശ നിയമം, ബഹുഭാര്യത്വം, വിവാഹ നിയമങ്ങള്‍, ലിവ് ഇന്‍ റിലേഷന്‍, ദത്തെടുക്കല്‍ തുടങ്ങിയ നിയമങ്ങളില്‍ ഏക സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുന്നതോടെ കാതലായ മാറ്റം വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍, ഗോത്രവര്‍ഗക്കാരെ ഏക സിവില്‍ കോഡ് നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഈ നിയമങ്ങള്‍ ബാധകമാകില്ല.

ഏകീകൃത സിവില്‍ കോഡ് പ്രകാരം എല്ലാ വിവാഹങ്ങളും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. സ്ത്രീകള്‍ക്ക് 18 വയസും പുരുഷന്മാര്‍ക്ക് 21 വയസുമാണ് കുറഞ്ഞ വിവാഹപ്രായം. മതപരമായ ആചാരങ്ങള്‍ അനുസരിച്ച് വിവാഹം നടത്താം. എന്നാല്‍ 60 ദിവസത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണം. സൈനികര്‍ക്കും യുദ്ധ മേഖലയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിയമത്തില്‍ ഇളവുകളുണ്ടായിരിക്കും. ബഹുഭാര്യത്വ-ബഹുഭര്‍തൃത്വ നിരോധനവും ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരും. മറ്റൊരു പങ്കാളിയുണ്ടായിരിക്കെ വീണ്ടും വിവാഹിതരാകാന്‍ നിമയം അനുവദിക്കുന്നില്ല. എല്ലാ മതത്തിലുള്ളവര്‍ക്കും നിയമം ബാധകമായിരിക്കും. വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയാണ് മറ്റ് ചില പ്രധാന ഘടകങ്ങള്‍. വിവാഹ മോചനത്തിന് എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാകുക ഒരേ നിയമമാകും. മാത്രമല്ല പുരുഷനും സ്ത്രീയ്ക്കും വിവാഹമോചനം നേടാനുള്ള കാരണങ്ങള്‍ ഒരു പോലെയായിരിക്കും.

104 പേജുള്ള ബില്ലില്‍ ലിവ്-ഇന്‍ റിലേഷന്‍ സംബന്ധിച്ചും നിര്‍ണായക വ്യവസ്ഥകളുണ്ട്. പങ്കാളികള്‍ താമസിക്കുന്ന ജില്ലയില്‍ തന്നെ തങ്ങളുടെ ബന്ധം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഇല്ലെങ്കില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷയടക്കം വ്യവസ്ഥ ചെയ്യുന്നു. ലിവ് ഇന്‍ റിലേഷന്‍ ബന്ധം വേര്‍പിരിയുകയാണെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കണം. ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് വിവാഹിതരെ പോലെ ജീവനാംശത്തിനുള്ള അവകാശവും ബില്ല് ഉറപ്പുനല്‍കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button