ആലുവയില്‍ വഴി യാത്രക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസ്: പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

ആലുവ: ആലുവയില്‍ വഴി യാത്രക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്ന് ആലുവ റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍. ഇരുട്ടുള്ള വിജനമായ സ്ഥലമായതിനാല്‍ പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പുലര്‍ച്ചെ ആക്രമണമുണ്ടായ സാഹചര്യങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കി വേണം അന്വേഷണം പൂര്‍ത്തിയാക്കാനെന്നും ഇതിന്റെ ഭാഗമായി പ്രദേശത്ത് രാത്രി സുരക്ഷയ്ക്ക് നാലംഗ സംഘത്തെ നിയോഗിക്കുമെന്നും എസ് പി അറിയിച്ചു. മോഷണം പിടിച്ചുപറി എന്നിവ സ്ഥിരമായി ചെയ്യുന്നവര്‍ തന്നെയാണ് ജോഫിനെയും ആക്രമിച്ചത്. ആക്രമണം നടന്ന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും എസ്പി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ബസില്‍ ആലുവ ബാങ്ക് ജംഗ്ഷനില്‍ വന്നിറങ്ങിയ ശേഷം കോഴിക്കോടേക്ക് പോകുവാനായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ജോഫിന്‍ എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുവാനുള്ള വഴി കൃത്യമായി അറിയാത്തതിനാല്‍ ഇയാള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഗുഡ്‌ഷെഡ് ഭാഗം വഴി നടന്നു പോവുകയായിരുന്നു. ആ സമയം അവിടെ ഉണ്ടായിരുന്ന അക്രമികൾ ഇയാളെ പിടിച്ച് വെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
അതിന് ശേഷം രണ്ട് പേര്‍ ചേര്‍ന്ന് യുവാവിനെ കല്ലുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും അടുത്തുണ്ടായിരുന്ന കനാലിലേക്ക് തള്ളിയിടുകയും നിലത്തിട്ടു ചവിട്ടുകയുമായിരുന്നു. ശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഇയാളുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാലയും കയ്യിലുണ്ടായിരുന്ന 5000 രൂപയും അക്രമികള്‍ പിടിച്ചെടുക്കുകയായിരുന്നു. അക്രമത്തില്‍ യുവാവിന്റെ വാരിയെല്ലിന് പൊട്ടലുകള്‍ ഏറ്റിട്ടുണ്ട്. യുവാവ് ചികിത്സയിൽ തുടരുകയാണ്.




