ചൂളം വിളിച്ച് പാഞ്ഞ് ഇന്ത്യൻ റെയിൽവേ; ഓഗസ്റ്റിൽ യാത്ര ചെയ്തത് 67.27 കോടി പേർ, ചരക്ക് മേഖലയിലും വൻ മുന്നേറ്റം

ഇന്ത്യൻ റെയിൽവേയുടെ ചരക്ക്, യാത്രാ ഗതാഗത മേഖലകളിൽ ഓഗസ്റ്റ് മാസത്തിൽ വൻ വളർച്ച. 2026 ഓഗസ്റ്റിൽ 137.9 ദശലക്ഷം ടൺ ചരക്ക് നീക്കമാണ് നടന്നത്. 2025 ഓഗസ്റ്റിൽ 130.9 ദശലക്ഷം ടണ്ണായിരുന്നു ഇത്. ഒരു വർഷം കൊണ്ട് 5.4 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ചരക്ക് സേവനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ 6.27 ശതമാനത്തിന്റെ ആകെ വർദ്ധനവുണ്ടായതായും റെയിൽവേ മന്ത്രാലയം അറിയിച്ചു. ചരക്ക് നീക്കം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം അഞ്ച് പുതിയ ഗതി ശക്തി കാർഗോ ടെർമിനലുകൾ കൂടി പ്രവർത്തനം ആരംഭിച്ചു. ഇതോടെ രാജ്യത്ത് സജീവമായ ഇത്തരം ടെർമിനലുകളുടെ എണ്ണം 149 ആയി ഉയർന്നു.
യാത്രാ മേഖലയിലും വലിയ മുന്നേറ്റമാണ് റെയിൽവേ കൈവരിച്ചത്. പ്രത്യേക സർവീസുകളായി ഓടിയിരുന്ന 14 അമൃത് ഭാരത് ട്രെയിനുകൾ കഴിഞ്ഞ മാസം സ്ഥിരപ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്തെ ആകെ അമൃത് ഭാരത് സർവീസുകളുടെ എണ്ണം 86 ആയി വർദ്ധിച്ചു. സുബേദാർഗഞ്ച് – ലോക്മാന്യ തിലക്, ഗോരഖ്പൂർ – ബാന്ദ്ര, ഗോരഖ്പൂർ – ഡൽഹി, അഹമ്മദാബാദ് – ഭഗൽപൂർ തുടങ്ങിയ പ്രധാന റൂട്ടുകളിലെ സർവീസുകളാണ് സ്ഥിരപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 64.43 കോടി യാത്രക്കാരോളമാണ് റെയിൽവേയെ ആശ്രയിച്ചത്. ഈ വർഷം ഓഗസ്റ്റിൽ അത് 67.27 കോടിയായി ഉയർന്നു. നഗരമേഖലകളിലെ ലോക്കൽ ട്രെയിൻ സർവീസുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. കൂടാതെ, ഉത്സവകാല തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 25 മുതൽ 31 വരെയുള്ള രക്ഷാബന്ധൻ വാരത്തിൽ 144 പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ ഓപ്പറേറ്റ് ചെയ്തിരുന്നു.




