‘ജെൻസിയും തൊഴിലാളികളും നവ ഫാസിസ്റ്റ് പ്രവണതകളുള്ള ഭരണകൂടത്തെ മുട്ടുകുത്തിക്കുമ്പോൾ സീതാറാം ഉണ്ടായിരുന്നെങ്കിൽ’: എം.ബി രാജേഷ്

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ ഓർമ്മിക്കുകയാണ് മുൻ മന്ത്രി എംബി രാജേഷ്. രാഷ്ട്രീയ ജീവിതത്തിലേക്ക് നടക്കാൻ തനിക്ക് വഴികാട്ടിയായ നേതാവാണ് സീതാറാം യെച്ചൂരിയെന്ന് ഓർത്തെടുക്കുകയാണ് എംബി രാജേഷ്.
രാഷ്ട്രീയത്തോട് ഒട്ടും പ്രതിപത്തി ഇല്ലാതിരുന്ന ഒരു മധ്യവർഗ കുടുംബത്തിൽ വളർന്ന ഞാൻ എസ്എഫ്ഐയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും എത്തിയതിൽ സീതാറാം യച്ചൂരിക്ക് അദൃശ്യമായ പങ്കുണ്ടെന്ന് എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
എം.ബി രാജേഷ് സീതാറാം എന്ന നേതാവിനെ ഓർക്കുന്നത് ഇങ്ങനെ;
”സ്കൂൾ വിദ്യാർത്ഥിയായിരിക്കെ പഠിക്കുന്ന കുട്ടികൾ ആരും രാഷ്ട്രീയത്തിൻറെ ഭാഗമാകരുത് എന്ന് കരുതിയ കാലത്താണ് സീതാറാം യച്ചൂരി എന്ന എസ്എഫ്ഐ നേതാവിനെ കുറിച്ച് കേൾക്കുന്നത്. CBSE പരീക്ഷയിൽ ഇന്ത്യയിൽ ഒന്നാം റാങ്കുകാരനായിരുന്ന, പ്രശസ്തമായ ഡൽഹി സെന്റ് സ്റ്റീഫൻസിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും ജെ.എൻ.യൂവിൽ നിന്ന് ബിരുദാനന്തര ബിരുദവും റെക്കോർഡ് മാർക്കോടെ ഒന്നാമനായി നേടിയ സീതാറാം SFI അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു.
സ്കോളർഷിപ്പോടെ എഡിൻബർഗിലും പിന്നീട് ജെഎൻയുവിലും പഠിച്ച പ്രകാശ് കാരാട്ടിന്റെയും പിൽക്കാലത്ത് ഇന്ത്യൻ പത്രപ്രവർത്തനത്തെ ലോകശ്രദ്ധയിലേക്ക് ഉയർത്തിയ എൻ. റാമിന്റെയും പി സായിനാഥിന്റെയുമെല്ലാം ഗണത്തിൽപ്പെട്ട മിടുമിടുക്കരായ അനേകം SFI നേതാക്കളുടെ പിന്നാലെയാണ് സീതാറാമിന്റെയും വരവ്.
കൊടിപിടിച്ച് മോശമാവും എന്ന് ശാസിച്ചിരുന്ന വീട്ടുകാരോട് സീതാറാം അടക്കമുള്ളവരുടെ പഠന മികവ് അഭിമാനത്തോടെ പറഞ്ഞാണ് അന്നൊക്കെ എസ് എഫ് ഐ യിൽ പ്രവർത്തിക്കുന്നതിനെ ന്യായീകരിച്ചിരുന്നത്. കേരളത്തിലും ഇതുപോലെ അനേകം മിടുക്കരുണ്ടായിരുന്നു പറയാൻ. പഠിക്കുക പോരാടുക എന്ന എസ്എഫ്ഐ മുദ്രാവാക്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി വിദ്യാർത്ഥികളോടും ഞങ്ങൾ സീതാറാമിനെ പോലുള്ളവരുടെ മാതൃകകൾ പറഞ്ഞുകൊണ്ടിരുന്നു.
പഠിപ്പിസ്റ്റ് മാത്രമായിരുന്നില്ല സീതാറാം. അടിയന്തരാവസ്ഥയിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ തടഞ്ഞുനിർത്തി കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന ചരിത്രത്തിൽ ഇടം നേടിയ ഒരൊറ്റ ചിത്രം മതി സീതാറാം എന്ന ധീരനായ പോരാളിയെ അടയാളപ്പെടുത്താൻ. സൂര്യനു കീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചും -ശാസ്ത്രമോ സാമ്പത്തികശാസ്ത്രമോ ചരിത്രമോ കലയോ സാഹിത്യമോ സിനിമയോ സ്പോർട്സോ -ഏതിനെക്കുറിച്ചും ആധികാരികമായി പറയാനാവുന്ന സർവ്വവിജ്ഞാനകോശമായിരുന്നു സീതാറാം.
എത്ര തവണ അത്ഭുതാദരങ്ങളോടെ അത് നേരിട്ടറിഞ്ഞിരിക്കുന്നു. ഈ ആഴമേറിയ അറിവും ബുദ്ധിയും പണിയെടുക്കുന്ന മനുഷ്യരുടെ മോചനത്തിനായി സമർപ്പിക്കുകയാണ് സീതാറാം ചെയ്തത്. അതിലൂടെ കൈവരുമായിരുന്ന വ്യക്തിപരമായ സൗഭാഗ്യങ്ങൾ അദ്ദേഹം ത്യജിച്ചു. അദ്ദേഹത്തിൻറെ പ്രൊഫസർ ആയിരുന്ന കൃഷ്ണ ഭരദ്വാജ് ഒരിക്കൽ പറഞ്ഞത് ലോകബാങ്കിൻറെ അധ്യക്ഷൻ ആവാനുള്ള ബുദ്ധി വൈഭവം സീതാറാമിനുണ്ട് എന്നായിരുന്നു. പക്ഷേ ലോകബാങ്ക് – ഐഎംഎഫ് നയങ്ങളുടെ പൊള്ളത്തരം യുക്തിഭദ്രമായി തുറന്നുകാട്ടിയ അവരുടെ ഏറ്റവും വലിയ വിമർശകൻ ആയാണ് അദ്ദേഹം മാറിയത്. സീതാറാമിന്റെ പുസ്തകങ്ങളും പ്രഭാഷണങ്ങളും അതിന് സാക്ഷ്യമാണ്.
സീതാറാമിനെ പോലെ സംഘപരിവാറിനെതിരായ പോരാട്ടത്തിന് സൈദ്ധാന്തിക വെളിച്ചവും തെളിച്ചവും നൽകിയ മറ്റൊരു നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇല്ല. “What is Hindu Rashtra, Pseudo-Hinduism Exposed” തുടങ്ങിയ കൃതികൾ അതിനുദാഹരണം. ഗോൾവാൾക്കറുടെ പ്രത്യയശാസ്ത്രത്തിന്റെ മുഖംമൂടി വലിച്ചുകീറി അതിൻ്റെ മനുഷ്യവിരുദ്ധത സ്ഥാപിച്ചെടുത്തത് സീതാറാമിന്റെ എഴുത്തുകളും പ്രസംഗങ്ങളും വഴിയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ സീതാറാം ഇന്ത്യൻ പാർലമെന്റ് കാതുകൂർപ്പിച്ചു കേട്ട പണ്ഡിതോചിതവും നിർഭയവുമായ വാക്കുകളുടെ ഉടമയായിരുന്നു. നർമ്മവും യുക്തിയും ആഴമുള്ള അറിവും തികഞ്ഞ ലാളിത്യത്തോടെ അനർഗളമായി ഒഴുകുന്ന അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ പാർലമെൻറിനെ മാത്രമല്ല, ജനലക്ഷങ്ങളെ കാന്തം പോലെ പിടിച്ചിരുത്തി. ഭരണഘടനാ ദിനത്തിന്റെ ഭാഗമായി രാജ്യസഭയിലെ പ്രത്യേക സംവാദത്തിൽ സീതാറാം നടത്തിയ 54 മിനിറ്റ് പ്രസംഗം ഇന്ത്യൻ പാർലമെൻററി ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായം ആയിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്”.
കോർപ്പറേറ്റ് – സംഘപരിവാർ സഖ്യത്തിനെതിരായ പ്രക്ഷോഭങ്ങളാൽ ഇന്നത്തെ ഇന്ത്യ മുഖരിതമാവുകയാണ്. ജെൻസിയും കർഷകരും തൊഴിലാളികളും നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന ഭരണകൂടത്തെ തെരുവിൽ മുട്ടുകുത്തിക്കുമ്പോൾ സീതാറാം കൂടെയുണ്ടായിരുന്നുവെങ്കിലെന്ന് താൻ അകമഴിഞ്ഞ് ആഗ്രഹിക്കുന്നതായി എംബി രാജേഷ് പറയുന്നു.



