മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; ഞായറാഴ്ച കോഴിക്കോട് ഗതാഗത നിയന്ത്രണം

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലിസ്. 13ന് വൈകിട്ട് അഞ്ച് മുതലായിരിക്കും ഗതാഗത നിയന്ത്രണം. വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം -മടവൂർ വരെയും വൈകിട്ട് അഞ്ച് മുതൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
വിവിഐപി പാസിംഗ് സമയത്ത് റൂട്ടിൽ ഗതാഗതം പൂർണമായും നിയന്ത്രിക്കും. വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ താമരശേരി, ബാലുശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയും കൊടുവള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പടനിലം – കളരിക്കണ്ടി – വരട്ട്യാക്ക് – പെരിങ്ങളം – വഴിയും മുക്കം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചെത്തുകടവ്-പെരിങ്ങളം വഴിയും കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ- പാവങ്ങാട്- നടക്കാവ് വഴിയും യൂണിവേഴ്സിറ്റി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഇടിമൂഴിക്കൽ- രാമനാട്ടുകര – ഫറോക്ക് – ചെറുവണ്ണൂർ വഴിയും കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
സിറ്റി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളജ് – മുണ്ടിക്കൽ താഴം -കോട്ടാംപറമ്പ- മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്. മലാപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പൂളക്കടവ് ഇരിങ്ങാടൻ പള്ളി – മുണ്ടിക്കൽ താഴം – കോട്ടാംപറമ്പ് – മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്. എയർപോർട്ട്- റെയിൽവെ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടേണ്ടതാണ്. മലാപ്പറമ്പ് മുതൽ കുന്നമംഗലം – മടവൂർ വരെയുള്ള റോഡുകളിൽ യാതൊരുവിധ വാഹന പാർക്കിംഗും അനുവദിക്കുന്നതല്ല.




