ആര്യനാട് പെയിന്റിങ് തൊഴിലാളിയെ അടിച്ച് കൊന്നത്, കൊലയാളികൾ സുഹൃത്തുക്കൾ; നാലുപേർ പിടിയിൽ

തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ ഉൾപ്പെടെ നാല് പ്രതികളെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലക്കൽ സ്വദേശികളായ സാജൻ (40), സുബീഷ് (26), അരുൺ (38), കിരൺ (36) എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട രാഹുലും പ്രതികളും സുഹൃത്തുക്കളായിരുന്നു.
പെയിന്റിങ് തൊഴിലാളിയായിരുന്ന രാഹുലിനെ കഴിഞ്ഞ ദിവസം റോഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ വലയിലാക്കിയത്. കഴിഞ്ഞ ദിവസം ഇവർ ആൾത്താമസം കുറഞ്ഞ റബ്ബർ തോട്ടം നിറഞ്ഞ ഉൾപ്രദേശത്ത് ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയിൽ കുടുംബപ്രശ്നങ്ങളെക്കുറിച്ചും ബൈക്ക് പണയം വെച്ചതുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ചും തർക്കമുണ്ടായി.
തർക്കത്തിനൊടുവിൽ രാഹുൽ കൂടെയുണ്ടായിരുന്നവരെ മർദിക്കാൻ ശ്രമിച്ചതോടെ പ്രതികൾ പ്രകോപിതരാവുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തുടർന്ന് കാറ്റാടി കമ്പും ഹോളോബ്രിക്സും ഉപയോഗിച്ച് രാഹുലിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റാണ് മരണം സംഭവിച്ചത്




