Uncategorized

ഭാര്യയെ കൊന്ന് തല ഫ്രിജിൽ സൂക്ഷിച്ച കേസ്: പ്രതി പൊലീസ് വാഹനത്തിൽനിന്ന് ചാടി ജീവനൊടുക്കി; പതിച്ചത് കൊക്കയിൽ

ഗുവാഹത്തി അസമിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി തല അറുത്തു ഫ്രിജിൽ സൂക്ഷിച്ച കേസിലെ പ്രതി ജീവനൊടുക്കി. ഗുവാഹത്തി സ്വദേശി രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. ഭാര്യ റിയ താലുക്ദറിനെ ഗുവാഹത്തിയിലെ തങ്ങളുടെ ഫ്ലാറ്റിൽവച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാമാനുജ് ഹാതിഗാവ് പൊലീസ് സ്‌റ്റേഷനിലെ കസ്റ്റഡിയിലായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കു ശേഷം സ്റ്റേഷനിലേക്ക് തിരികെക്കൊണ്ടു പോകുന്ന വഴി ഇയാൾ പൊലീസ് വാഹനത്തിൽനിന്ന് ചാടുകയായിരുന്നു. നരകാസുർ പഹറിനു സമീപമായിരുന്നു സംഭവം. പുലർച്ചെ രണ്ടു മണിയോടെ വാഹനത്തിന്റെ ടയർ പഞ്ചറായി. പൊലീസ് ഉദ്യോഗസ്ഥർ ടയർ മാറ്റിയിട്ട് യാത്ര തുടർന്നു.

അതുവരെ രക്ഷപ്പെടാൻ ശ്രമിക്കാതിരുന്ന രാമാനുജ് വാഹനം നീങ്ങി മിനിറ്റുകൾക്കുള്ളിൽ കോൺസ്റ്റ‌ബിളിനെ ആക്രമിച്ചശേഷം വാഹനത്തിന്റെ ഡോർ തുറന്നു പുറത്തേക്ക് ചാടുകയായിരുന്നെന്ന് ഗുവാഹത്തി ഈസ്‌റ്റ് ഡിസിപി തബു റാം പെഗു പറഞ്ഞു.

വാഹനത്തിൽനിന്ന് ചാടിയ ഇയാൾ കൊക്കയിലേക്കാണ് വീണത്.
ഗുരുതരമായി പരുക്കേറ്റ രാമാനുജിനെ പൊലീസ് രക്ഷിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംശയത്തെ തുടർന്ന് സെപ്റ്റംബർ മൂന്നിനാണ് രാമാനുജ് ഭാര്യ റിയയെ കൊലപ്പെടുത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ തല വെട്ടിമാറ്റുകയായിരുന്നു. അതിനുശേഷം ദേഷ്യം തീരാതെ ശരീരം കഷണങ്ങളാക്കാൻ ശ്രമിക്കുകയും കത്രിക ഉപയോഗിച്ച് അവളുടെ മുഖം പൂർണമായി വികൃതമാക്കുകയും ആയിരുന്നു. തുടർന്ന് വെട്ടിമാറ്റിയ തല ഇയാൾ ഫ്ലാറ്റിലെ ഫ്രിജിനുള്ളിലാണ് സൂക്ഷിച്ചത്.

സെപ്റ്റംബർ 6ന് ദമ്പതികളുടെ ഫ്ലാറ്റിൽനിന്നും കടുത്ത ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പരാതിപ്പെട്ടതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. രണ്ടുദിവസമായി ഇവരെ പുറത്തു കണ്ടിരുന്നില്ലെന്നും ഫോണുകൾ സ്വിച്ച് ഓഫായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. തുടർന്ന് പൊലീസ് എത്തി ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയപ്പോഴാണ് അഴുകിത്തുടങ്ങിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ വിരലുകൾ ഭാഗികമായി മുറിച്ചുമാറ്റിയ നിലയിലായിരുന്നു, തലയും ഉണ്ടായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button