Uncategorized

ഇ ഡിയുടെ കത്തില്‍ തുടര്‍ നടപടികളിലേക്ക് കടന്ന് ആഭ്യന്തര വകുപ്പ്; നിയമോപദേശം തേടി

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡിജിപിക്ക് ഇ ഡി നല്‍കിയ കത്തില്‍ തുടര്‍ നടപടികളിലേക്ക് കടന്ന് ആഭ്യന്തര വകുപ്പ്. ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലം നിയമോപദേശം തേടി. അഡ്വക്കറ്റ് ജനറലില്‍ നിന്നാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിക്കുന്ന പക്ഷം റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിക്ക് കൈമാറും. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയുണ്ട്. പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്നാണ് വിവരം.

അതേസമയം സാമ്പത്തിക ഇടപാട് കേസില്‍ കൂടുതല്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ജീവനക്കാര്‍ക്ക് ഇ ഡി സമന്‍സ് നല്‍കി. ജീവനക്കാരും ഓഡിറ്റര്‍മാരും അടക്കം ഏഴോളം പേര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം വീണയെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനമുണ്ട്. കേസില്‍ ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ നിലപാടിന് ശേഷമായിരിക്കും ഇ ഡി തുടര്‍നടപടി സ്വീകരിക്കുക.

ചൊവ്വാഴ്ചയായിരുന്നു സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഡിജിപിക്ക് ഇ ഡി റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഗുരുതര പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില്‍ പറഞ്ഞത്. പിണറായി വിജയന് പുറമെ മുഹമ്മദ് റിയാസ്, എക്‌സാലോജിക് എം ഡിയായ വീണ എന്നിവര്‍ക്കെതിരെയും കത്തില്‍ ഗുരുതര ആരോപണമുണ്ട്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചുവെന്നാണ് കത്തില്‍ പറയുന്നത്. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ട്. ഇടപാടുകള്‍ക്കായി എക്‌സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും കത്തില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഡിജിപിയും മന്ത്രി സണ്ണി ജോസഫും അടക്കം രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് ലഭിക്കുന്ന പക്ഷം പരിശോധിച്ച ശേഷം തുടര്‍ നടപടി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്നായിരുന്നു ആഭ്യന്തര മന്ത്രി പറഞ്ഞത്. ഇ ഡിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ കഴിയില്ലെന്നും കേസെടുക്കുന്നത് സംബന്ധിച്ച് വേണമെങ്കില്‍ നിയമോപദേശം തേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സര്‍ക്കാരുമായി സംസാരിച്ച ശേഷമായിരിക്കും തുടര്‍ നടപടികളെന്ന് ഡിജിപി റവാഡ ചന്ദ്രശേഖറും പറഞ്ഞിരുന്നു. ഇ ഡി നല്‍കിയ റിപ്പോര്‍ട്ടിനെ വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസും ഭരണകക്ഷിയും കാണുന്നതെന്നായിരുന്നു മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണം. അങ്ങനെ ഒരു കത്ത് വന്നാല്‍ പൊലീസിന് നടപടി എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button