Uncategorized

രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; പഞ്ചാബില്‍ വ്യവസായ മേഖലയില്‍ 14 മണിക്കൂര്‍ വരെ പവര്‍കട്ട്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൈദ്യുതി ആവശ്യകത ഉയര്‍ന്നതോടെ കേരളത്തോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് മുതല്‍ തമിഴ്‌നാട് വരെ പല സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത ഉയര്‍ന്നതോടെ പ്രതിസന്ധി ശക്തമായി.

പഞ്ചാബില്‍ വ്യവസായ മേഖലയില്‍ 14 മണിക്കൂര്‍ വരെ പവര്‍കട്ട് ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന പവര്‍കട്ട് വ്യവസായ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. വീടുകളില്‍ നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ് പവര്‍കട്ട്. ഉത്തര്‍പ്രദേശിൽ 2,000 മുതല്‍ 3,000 മെഗാവാട്ട് വരെ വൈദ്യുതി കുറവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ജില്ലകളില്‍ 10 മണിക്കൂറാണ് പവര്‍ കട്ട് .

തമിഴ്‌നാട്ടിലും സാഹചര്യം വ്യത്യസ്തമല്ല. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞതോടെ ചില മേഖലകളില്‍ രണ്ട് മണിക്കൂര്‍ വരെ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടിവന്നു. പ്രതിസന്ധി മറികടക്കാന്‍ 2,000 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങുകയാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. വിവിധ വൈദ്യുതി ഉല്‍പ്പാദന കമ്പനികളില്‍ നിന്നും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നുമാണ് വൈദ്യുതി വാങ്ങുന്നത്. കല്‍ക്കരി ലഭ്യതയിലെ കുറവും വൈദ്യുതി നിലയങ്ങളിലെ തകരാറുകളുമാണ് വെല്ലുവിളികള്‍ക്ക് പിന്നിലെന്നാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button