Uncategorized

തൃശൂരില്‍ വന്‍ അപകടം: ‘ദുരന്തത്തിന് കാരണം ലോറി അശ്രദ്ധമായി പാര്‍ക്ക് ചെയ്തത്’

തൃശൂര്‍: ഏഴ് വിദ്യാര്‍ത്ഥികള്‍ അടക്കം എട്ട് പേരുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായ അപകടത്തിന് കാരണം ഗുരുതര അനാസ്ഥയെന്ന് ആരോപണം. കയ്പമംഗലത്ത് ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്ന ഭാഗത്ത് ഹൈ സ്പീഡ് ട്രാക്കില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുകയറിയത്. വാഹനങ്ങള്‍ വഴി തിരിച്ചുവിടാനുള്ള മുന്നറിയിപ്പ് സൈനിന് മുന്നില്‍ ലോറി നിര്‍ത്തിയിട്ടിരുന്നതിനാല്‍ കാറിന്റെ ഡ്രൈവര്‍ ഇത് കണ്ടിരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ലോറി അശ്രദ്ധമായി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി രതീഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

മൂന്ന് ലോറികളാണ് സ്ഥലത്ത് അപകട സമയം പാര്‍ക്ക് ചെയ്തിരുന്നത്. മറ്റ് രണ്ട് ലോറികള്‍ സ്ഥലത്ത് നിന്ന് എടുത്തുകൊണ്ടുപോവുകയായിരുന്നു. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. ഡൈവേര്‍ഷന്‍ ബോര്‍ഡിന് മുന്നിലാണ് ചരക്കുലോറി പാര്‍ക്ക് ചെയ്തിരുന്നത്. സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയാണിതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. ബ്ലാക്ക് ലിസ്റ്റിലുള്ള കമ്പനിയെയാണ് നിര്‍മ്മാണം ഏല്‍പ്പിച്ചിരിക്കുന്നതെന്നും ദേശീയപാത അതോറിറ്റിക്ക് ഉണ്ടായിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

തൃശൂര്‍ കയ്പമംഗലത്ത് അര്‍ദ്ധരാത്രി 12 മണിയോടെയാണ് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. ഡിണ്ടിഗലില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് തമിഴ്നാട് രജിസ്ട്രേഷന്‍ കാറില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ 5 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സേലം സ്വദേശി വിശ്വം (20), ഡിണ്ടികല്‍ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ഡിണ്ടികല്‍ സ്വദേശി യുവസഞ്ജിത് (20) എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. എല്ലാവരും പിഎസ്എന്‍എ എഞ്ചിനീറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.

മരിച്ച വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്മോര്‍ട്ടം രാവിലെ ഒമ്പത് മണിയോടെ ആരംഭിക്കുമെന്നാണ് മെഡിക്കല്‍ കൊളജ് സൂപ്രണ്ട് അറിയിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ ആകും പോസ്റ്റ്മോര്‍ട്ടം തുടങ്ങുക. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button