അധ്യാപക ദിനം: വിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ അധ്യാപകരോട് രാഷ്ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: അധ്യാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവൻ അധ്യാപകർക്കും ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. വിദ്യാർഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കിനെ രാഷ്ട്രപതി പ്രശംസിച്ചു. വിദ്യാർഥികളുടെ സ്വാഭാവിക കഴിവുകളെ വളർത്തുന്നതിനും അവരുടെ സ്വഭാവ രൂപീകരണത്തിനും അധ്യാപകരുടെ മാർഗനിർദ്ദേശം അത്യന്താപേക്ഷിതമാണ്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് അധ്യാപകർ തങ്ങളുടെ അറിവ് നിരന്തരം പുതുക്കണമെന്നും, അധ്യാപനരീതികളിൽ ആധുനിക സാങ്കേതികവിദ്യയും പുതിയ ആശയങ്ങളും ഉൾപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു. കുട്ടികളിൽ സ്വതന്ത്രമായ ചിന്താഗതിയും അന്വേഷണ തൃഷ്ണയും വളർത്താൻ അധ്യാപകർ മുൻകൈ എടുക്കണമെന്നും രാഷ്ട്രപതി തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.



