കൊച്ചി രാസലഹരി കേസ്: വരുണ്‍ ദേവ് നടത്തിയത് വന്‍ നിക്ഷേപങ്ങള്‍, നിര്‍ണായക കണ്ടെത്തല്‍

കൊച്ചി: രാസ ലഹരി കേസില്‍ മുഖ്യസൂത്രധാരന്‍ വരുണ്‍ ദേവ് നടത്തിയത് വന്‍ നിക്ഷേപങ്ങളെന്ന് കണ്ടെത്തല്‍. ലഹരി ഇടപാടുകളിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വരുണ്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ലഹരി വില്‍പ്പനയിലൂടെ കിട്ടിയ പണം ഉപയോഗിച്ച് നിക്ഷേപങ്ങള്‍ നടത്തിയതിന് പുറമേ ആഢംബര വാഹനങ്ങളുടെ ഇടപാടുകള്‍ നടത്തിയെന്നും എക്‌സൈസ് കണ്ടെത്തി. നാല് ആഡംബര കാറുകള്‍ ആണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. വരുണിന്റെ ആസ്തിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ തേടി രജിസ്‌ട്രേഷന്‍, മോട്ടോര്‍ വാഹന വകുപ്പുകള്‍ക്ക് എക്‌സൈസ് ഉടന്‍ കത്ത് നല്‍കും.
വരുണ്‍ ദേവ് ഇന്ത്യ പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തി ലഹരി വാങ്ങിയതില്‍ എക്‌സൈസ് അന്വേഷണം തുടരുകയാണ്. ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് എടുത്തായിരുന്നു ലഹരി ഇടപാടുകള്‍. ലഹരി ഇടപാടുകള്‍ക്കുള്ള ഫ്‌ളാറ്റുകള്‍ ബുക്ക് ചെയ്യുന്നത് സ്ത്രീകള്‍ വഴിയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കമ്മീഷന്‍ നല്‍കിയാണ് സ്ത്രീകളെ കൊണ്ട് ഫ്‌ളാറ്റുകള്‍ ബുക്ക് ചെയ്യിപ്പിക്കുന്നത്. ഇത്തരത്തില്‍ ഫ്‌ളാറ്റുകള്‍ ബുക്ക് ചെയ്ത നാല് സ്ത്രീകളെ എക്‌സൈസ് ചോദ്യം ചെയ്ട്ടുണ്ട്. എല്ലാവരോടും അഭിഭാഷകനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി പല പേരുകളിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നതെന്നാണ് മറ്റൊരു കണ്ടത്തല്‍.
അതിനിടെ മട്ടാഞ്ചേരിയില്‍ രണ്ടര കിലോ എംഡിഎംഎ, ഡാന്‍സാഫ് പിടിച്ചെടുത്തു. മുഖ്യ ഡീലറായ നൗഫലിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഡല്‍ഹിയില്‍ നിന്ന് പാഴ്‌സലായിട്ടാണ് ലഹരി എത്തിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ 51 ഗ്രാം എംഡിഎംഎയുമായി കൊല്ലം സ്വദേശി അക്ഷയ് എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്.




