നാരങ്ങാവെള്ളം ഇനി പുളിക്കും; ചെറുനാരങ്ങയ്ക്ക് തീ വില

കൊച്ചി: ചെറുനാരങ്ങയ്ക്ക് തീ വില.
കിലോയ്ക്ക് 240 രൂപയാണ് എറണാകുളം മാർക്കറ്റിലെ വ്യാഴാഴ്ചത്തെ ചില്ലറ വില.
കിലോയ്ക്ക് 150 രൂപയായിരുന്ന നാരങ്ങാ വിലയാണ് ഇത്രയധികം ഉയർന്നത്.
ഓണക്കാലത്ത് 120 രൂപ വരെ വില ഉയർന്നിരുന്നെങ്കിലും വ്യാപാരികളെയും ഉപഭോക്താക്കളെയും ബാധിച്ചിരുന്നില്ല.
ഓണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് വില കുതിച്ച് കയറിയത്.
ആന്ധ്രാപ്രദേശിൽ നിന്നാണ് കേരള മാർക്കറ്റിലേക്ക് ചെറുനാരങ്ങ കൂടുതലായും എത്തുന്നത്. എന്നാൽ ഇവിടെ ഉത്പാദനം കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവും ചെറുനാരങ്ങയുടെ വരവിനെ ബാധിച്ചു. നിലവിൽ തമിഴ്നാട് വിപണിയെയാണ് കേരളത്തിലെ വ്യാപാരികൾ ആശ്രയിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നെത്തുന്ന പുളിയങ്കുടി നാരങ്ങയാണ് ഇപ്പോൾ മാർക്കറ്റുകളിൽ ലഭിക്കുന്നത്. വലുപ്പം കൂടിയതും എളുപ്പം ചീയാത്തതുമാണ് പുളിയങ്കുടി നാരങ്ങ. പ്രാദേശിക വിപണിയിലും ജ്യൂസ് കടകളിലും ഈ നാരങ്ങയ്ക്കാണ് പ്രിയം.
എറണാകുളം മാർക്കറ്റിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ 300 മുതൽ 500 ചാക്ക് വരെ ചെറുനാരങ്ങ എത്തുന്നുണ്ടെന്ന് എറണാകുളം മാർക്കറ്റിലെ പച്ചക്കറി വ്യാപാരി കെ.കെ. അഷ്റഫ് പറഞ്ഞു.




