ദമ്മാം-ഡൽഹി വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; അന്വേഷണം തുടങ്ങി

ന്യൂഡൽഹി: സൗദി അറേബ്യയിലെ ദമ്മാമിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് വ്യാജ ബോംബ് ഭീഷണി ലഭിച്ചു. ആഗസ്റ്റ് 31ന് വിമാനത്തിനുള്ളിൽ നിന്ന് വ്യാജ ബോംബ് ഭീഷണി ലഭിച്ച വിവരമാണ് ഇപ്പോൾ പുറത്തുവിട്ടത്. എയർ ഇന്ത്യ പരാതിപ്പെട്ടതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനത്തിന്റെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ എഴുതിയ നിലയിലാണ് ഭീഷണി സന്ദേശം ക്യാബിൻ ക്രൂ കണ്ടെത്തിയത്. ‘വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ട്’ എന്നായിരുന്നു സന്ദേശം. പൈലറ്റ് ഉടൻ തന്നെ ഡൽഹി എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിക്കുകയും വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ബോംബ് ഡിസ്പോസൽ സ്ക്വാഡും സിഐഎസ്എഫും ഡോഗ് സ്ക്വാഡും ചേർന്ന് യാത്രക്കാരെയും അവരുടെ ലഗേജുകളും വിമാനവും സമഗ്രമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തുടർന്നാണ് വ്യാജ ഭീഷണിയാണെന്ന് സ്ഥിരീകരിച്ചത്.




