വിദ്യാർഥിയെ പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിൽ മൂന്ന് വയസുകാരിയായ വിദ്യാർഥിയെ ബസ് ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ബസ് ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു.പ്രൈമറി സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അറസ്റ്റിലായത്. കുട്ടികളെ വീടുകളിൽ ആക്കുന്നതിനിടെ മറ്റ് കുട്ടികളെല്ലാം ഇറങ്ങിയ ശേഷം ബസിൽ ഒറ്റയ്ക്കായ മൂന്ന് വയസുകാരിയെ ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു.
സ്കൂളിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുത്തശിയോട് വിവരം പറയുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.




