ഭരണഘടനയ്ക്ക് മുകളിലാകരുത് മതാചാരങ്ങൾ’; കാന്തപുരത്തിന്റെയും വൈദികന്റെയും പ്രസ്താവനകൾ അപലപനീയമെന്ന് ബൃന്ദ കാരാട്ട്

സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കരുതെന്നും ഇന്ത്യൻ ഭരണഘടന മതശാസനകൾക്കും മതാചാരങ്ങൾക്കും മുകളിലാണെന്നും ബൃന്ദ കാരാട്ട്. കാന്തപുരത്തിന്റെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതാണെന്നും അത് തികച്ചും അപലപനീയമാണെന്നും അവർ വ്യക്തമാക്കി.
സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം പ്രസ്താവനകൾ മുസ്ലീം സ്ത്രീകൾ പോലും അംഗീകരിക്കില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. സ്വന്തം മതത്തിലുള്ളവർ തന്നെ ഈ വിഷയത്തിൽ എതിർപ്പുമായി രംഗത്തുണ്ടെന്നും അവർ പറഞ്ഞു. കാന്തപുരത്തിന്റെ പരാമർശത്തിന് ഒപ്പം തന്നെ മാർത്തോമ്മാ സഭ വൈദികൻ നടത്തിയ പരാമർശവും തികച്ചും അപലപനീയമാണെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കി. ഭരണഘടനയ്ക്ക് മുകളിലാകരുത് മതാചാരങ്ങളെന്നും സ്ത്രീകളുടെ അവകാശങ്ങളെ യാതൊരു കാരണവശാലും ലംഘിക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു.
സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കവേ ആയിരുന്നു കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാറിന്റെ വിവാദ പരാമർശം. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.



