Uncategorized

വയോധികനായ രോഗി കട്ടിലില്‍ നിന്നു വീണുമരിച്ച സംഭവം: റിപ്പോര്‍ട്ട് തേടി സൂപ്രണ്ട്

ഉള്ളൂര്‍: വയോധികന്‍ ചികിത്സയിലിരിക്കെ കട്ടിലില്‍ നിന്നു വീണുമരിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊല്ലം ചടയമംഗലം വെട്ടുവഴി പുളിന്തിട്ട വീട്ടില്‍ സുകുമാരപിള്ള (84) ആണ് മരിച്ചത്. വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജനറല്‍ മെഡിസിന്‍ വകുപ്പ് തലവനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഓഗസ്റ്റ് 26ന് പക്ഷാഘാതം ബാധിച്ചതിനെത്തുടര്‍ന്നാണ് സുകുമാരപിള്ള ആശുപത്രിയിലാകുന്നത്. ആദ്യം കൊല്ലത്തെ ഒരു ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍കോളജിലെ 28-ാം വാര്‍ഡിലാണ് ഇദ്ദേഹം ചികിത്സയിലായിരുന്നത്. അതിനിടെ കഴിഞ്ഞ ശനിയാഴ്ച കട്ടിലില്‍ നിന്നു തറയില്‍ വീഴുകയായിരുന്നു. വീഴ്ചയില്‍ എല്ലിന് പൊട്ടലുണ്ടാകുകയും ഡോക്ടര്‍ എത്തി തുന്നലിടുകയും ചെയ്തു. എന്നാല്‍ വീണ്ടും അതേ കട്ടിലില്‍ തന്നെ പ്രവേശിപ്പിച്ചുവെന്നും അത്യാഹിത വിഭാഗത്തിലേക്കു കൊണ്ടുപോയില്ലെന്നുമാണ് സുകുമാരപിള്ളയുടെ ബന്ധുക്കളുടെ ആരോപണം. വീഴ്ചയില്‍ തലയ്ക്കും പരിക്കേറ്റു. തലയ്ക്കും തുന്നലിട്ടു.

അതേസമയം സുകുമാരപിള്ളയെ കിടത്തിയിരുന്ന കട്ടിലിന് സുരക്ഷയില്ലായിരുന്നുവെന്നും അത്യാവശ്യം വേണ്ടുന്ന സംരക്ഷണകവചം കട്ടിലിന്‍റെ നാലുഭാഗത്തും ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ സുകുമാരപിള്ളയുടെ മരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി പ്രതിഷേധിക്കുകയുണ്ടായി.

എന്നാല്‍ സുകുമാരപിള്ള കട്ടിലില്‍ നിന്നു വീണസമയത്ത് ബന്ധുക്കള്‍ അടുത്തുണ്ടായിരുന്നുവെന്നും അവരുടെ അനാസ്ഥയാണ് വയോധികന്‍റെ പരിക്കിലേക്കു നയിച്ചതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വകുപ്പ് മേധാവിയിൽ നിന്നുള്ള വിശദീകരണം ലഭിച്ചതിനുശേഷം അനന്തരനടപടികള്‍ സ്വീകരിക്കുമെന്നു മെഡിക്കല്‍കോളജ് ആശുപത്രി സൂപ്രണ്ട് സി.ജി. ജയചന്ദ്രന്‍ പറഞ്ഞു.

രോഗി മരിച്ചതോടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആദ്യം വിസമ്മതിക്കുകയും ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. രോഗിമരിച്ചതുമായി ബന്ധപ്പെട്ട് മെഡിക്കല്‍കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ആശുപത്രിഅധികൃതരുടെ അനാസ്ഥ ആരോപിച്ച് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കു പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരുടെ വിശദീകരണത്തിനുശേഷമായിരി്കും ഇതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button