Uncategorized

തെരഞ്ഞെടുപ്പ് തോല്‍വി: പിണറായി വിജയൻ്റെ വിശദീകരണങ്ങളിൽ CPIM കേന്ദ്ര കമ്മിറ്റിക്ക് വിയോജിപ്പ്; റിപ്പോർട്ട്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട പിണറായി വിജയന്റെ വിശദീകരണങ്ങളിൽ സിപിഐഎമ്മിനുള്ളിൽ എതിര്‍പ്പ്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ വിശദീകരണങ്ങൾ സിപിഐഎമ്മിൻ്റെ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന് വിരുദ്ധമാണെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. പിണറായി വിജയൻ പയ്യന്നൂരിലും തളിപ്പറമ്പിലും നടത്തിയ ആദ്യ പ്രസംഗങ്ങളിൽ കേന്ദ്ര നേതൃത്വത്തിനും കടുത്ത വിയോജിപ്പുണ്ടെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. വിശദീകരണ യോഗത്തില്‍ പിണറായി വിജയന്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെ അവഗണിച്ചെന്നും അണികൾക്കാണ് തെറ്റ് പറ്റിയതെന്ന നിലപാട് സ്വീകരിച്ചെന്നും പരാതി ഉയർന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിനെ പിണറായി വിജയന്‍ വെല്ലുവിളിക്കുകയാണെന്ന നിലപാടിലാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ഒരു വിഭാഗം. വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കും അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സംഭവിച്ച വീഴ്ചകള്‍ പാർട്ടി കേന്ദ്രകമ്മിറ്റി തുറന്നുകാട്ടിയിട്ടും പിണറായി അത് സമ്മതിക്കാത്തതിലാണ് ഈ വിഭാഗത്തിന് വിയോജിപ്പ്. അണികളെ കുറ്റപ്പെടുത്തി പിണറായി സംസാരിക്കുന്നത് വിശദീകരണങ്ങള്‍ വഷളാക്കുന്നുവെന്നും അഭിപ്രായമുണ്ട്. എന്നാല്‍ വിശാല സംസ്ഥാന കമ്മിറ്റിയില്‍ നേതൃമാറ്റം ഉയര്‍ന്നുവരാതിരിക്കാനാണ് പിണറായിയുടെ നീക്കമെന്ന് ഒരു വിഭാഗം പറയുന്നത്.

തളിപ്പറമ്പില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പിണറായി വിജയന്‍ അണികളെ പഴിച്ചത്. ‘നിങ്ങളെ വഴിതെറ്റിച്ചത് എന്താണെന്ന് ഗൗരവമായി പരിശോധിക്കണം’ എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. പരാജയം ഗൗരവമായി കാണുന്നുവെന്നും ആരെയാണ് നിങ്ങള്‍ വിശ്വാസത്തിലെടുത്തതെന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു. നിങ്ങള്‍ ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും തിരുത്താന്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button