വ്യാജ സ്ഥാപനങ്ങളുടെ പേരിൽ അക്കൗണ്ടുകൾ, ഉത്തർപ്രദേശിൽ 250 കോടിയുടെ തട്ടിപ്പ്; ബാങ്കിലെ റിലേഷൻ മാനേജർ അറസ്റ്റിൽ

ഉത്തർ പ്രദേശിലെ കാൺപൂരിൽ 250 കോടി രൂപയുടെ സൈബർ തട്ടിപ്പ് കേസിൽ ഫിനാൻസ് സ്ഥാപനത്തിലെ റിലേഷൻഷിപ്പ് മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു മുകേഷ് ഝായെയാണ് ബാരാ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ സ്ഥാപനങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ സൈബർ തട്ടിപ്പ് സംഘത്തെ സഹായിക്കുകയും കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്താൻ സൗകര്യമൊരുക്കുകയും ചെയ്തെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
ബാങ്കിലെത്തുന്ന സാധാരണക്കാരുടെ കയ്യിൽ നിന്ന് ശേഖരിച്ച ആധാർ, പാൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഉപയോഗിച്ചാണ് ഇല്ലാത്ത പേരിൽ വ്യാജ സ്ഥാപനങ്ങൾ ഉണ്ടാക്കുകയും ഇവയുടെ പേരിൽ തുറന്ന അക്കൗണ്ടുകളിലേക്ക് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്, ജിഎസ്ടി വെട്ടിപ്പ് തുടങ്ങിയവയിലൂടെ ലഭിച്ച പണം കൈമാറുകയും ചെയ്തത്. തട്ടിപ്പ് സംബന്ധിച്ച പരാതികൾ ലഭിച്ചാൽ പണം പിൻവലിക്കാനുള്ള മാർഗങ്ങളും ഇയാൾ ഉണ്ടാക്കിയതായി പൊലീസ് പറഞ്ഞു.
ബാങ്ക് ജീവനക്കാർക്ക് ഇടപാടുകൾക്ക് 5 മുതൽ 10 ശതമാനം വരെ കമ്മീഷൻ ലഭിച്ചിരുന്നു. കേസിൽ ഇതുവരെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണുകളും രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സൈബർ തട്ടിപ്പ് ശൃംഖലയിലെ കൂടുതൽ കണ്ണികളെ പൊലീസ് കണ്ടെത്തിവരികയാണ്.




