കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ്, 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം: കൃഷിമന്ത്രി ടി. സിദ്ദിഖ്

തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും പരിഗണിച്ച് 2027 സീസണിൽ കൊപ്രയ്ക്ക് ഗണ്യമായ വർധനവോടെ മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. 2027 സീസണിലെ കൊപ്രയുടെ വിലനിർണയവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ‘പ്രൈസ് പോളിസി ഫോർ കൊപ്ര – 2027 സീസൺ’ ദക്ഷിണമേഖലാ കൺസൾട്ടേഷൻ യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പ്രത്യേക കാർഷിക സാഹചര്യങ്ങളും നാളികേര കൃഷിയിലെ വർധിച്ചുവരുന്ന ഉൽപ്പാദനച്ചെലവും കണക്കിലെടുത്ത് കർഷകർക്ക് ന്യായമായ വരുമാനം ഉറപ്പാക്കുന്ന തരത്തിൽ കൊപ്രയുടെ താങ്ങുവില നിശ്ചയിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി പറഞ്ഞു. കമ്മീഷൻ ഫോർ അഗ്രിക്കൾച്ചറൽ കോസ്റ്റസ് ആൻഡ് പ്രൈസസ്, സംസ്ഥാന കാർഷിക വില നിർണ്ണയ ബോർഡ്, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്.
കേരളം രാജ്യത്ത് ഏറ്റവും കൂടുതൽ നാളികേര കൃഷിവിസ്തൃതിയുള്ള സംസ്ഥാനമാണെങ്കിലും ഉൽപ്പാദനക്ഷമത വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. നാളികേര മേഖലയുടെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായി നാളികേര വികസനത്തിനുള്ള ബജറ്റ് വിഹിതം മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, രോഗബാധ, വളങ്ങളുടെ വിലവർധന, ഉയർന്ന ഉൽപ്പാദനച്ചെലവ്, മൂല്യവർധനയിലെ പരിമിതികൾ, വിപണന വെല്ലുവിളികൾ തുടങ്ങിയ നിരവധി പ്രതിസന്ധികളാണ് സംസ്ഥാനത്തെ നാളികേര കർഷകർ നേരിടുന്നത്. അതിനാൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം സംസ്‌കരണം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ബ്രാൻഡിംഗ്, വിപണനം, കയറ്റുമതി എന്നിവയ്ക്കും കൂടുതൽ പ്രാധാന്യം നൽകി നാളികേര മേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു




