ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നും പ്രീമിയം മദ്യക്കുപ്പികള്‍ കവര്‍ന്നു; പ്രതിക്കായി അന്വേഷണം

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം വാഴപ്പിള്ളി കരയില്‍ പ്രവര്‍ത്തിക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നും വിലകൂടിയ മദ്യക്കുപ്പികള്‍ കവര്‍ന്നു. ഒക്ടോബര്‍ 20ന് വൈകിട്ട് 6.30നും 8.30നും ഇടയിലുള്ള സമയത്താണ് സംഭവം. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡിന് പടിഞ്ഞാറുവശം ആത്രശ്ശേരി ബില്‍ഡിംഗിന്‍റെ ഒന്നാമത്തെ നിലയിലാണ് ബെവ്‌കോ ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നത്.
ഇവിടുത്തെ സെല്‍ഫ് പ്രീമിയം കൗണ്ടറിലെ ഡിസ്‌പ്ലേ റാക്കില്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളാണ് അജ്ഞാതനായ മോഷ്ടാവ് കവര്‍ന്നത്. ആകെ 6,600 രൂപ വിലവരുന്ന അഞ്ച് പ്രീമിയം മദ്യക്കുപ്പികളാണ് മോഷണം പോയത്.
2,520 രൂപയുടെ രണ്ട് അമേസിംഗ് പ്രീമിയം ഗ്രെയിന്‍ വോഡ്ക, 1,700 രൂപയുടെ ബക്കാര്‍ഡി മാംഗോ ചില്ലി ഒറിജിനല്‍ റം, 1,200 രൂപയുടെ 750എംഎല്‍ ഓള്‍ഡ് മങ്ക് വൈറ്റ് ക്ലാസിക് പ്രീമിയം റം, 1,020 രൂപയുടെ റോയല്‍ ആംസ് പ്രീമിയം വിഎസ്ഒപി ബ്രാന്‍ഡി, 160 രൂപ വിലവരുന്ന കിംഗ്ഫിഷര്‍ അള്‍ട്രാ മാക്‌സ് പ്രീമിയം ബിയര്‍ എന്നിവയാണ് മോഷണം പോയത്.
കേരളാ സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ അസിസ്റ്റന്‍റും കോഴിപ്പിള്ളി സ്വദേശിയുമായ ജോബിന്‍ തോംസണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസ് എടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎന്‍എസ് 305 (ഇ) പ്രകാരം മൂവാറ്റുപുഴ പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
മൂവാറ്റുപുഴ പൊലിസ് എസ്‌ഐ ജി. അനൂപിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.




