Uncategorized

പൊന്നിന് വീണ്ടും വൻ വിലക്കയറ്റം

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടുമുയർന്നു. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,710 രൂപയായി ഉയർന്നു. പവൻ്റെ വിലയിൽ 880 രൂപയുടെ വർധനവുണ്ടായി. പവൻ്റെ വില 1,17,680 രൂപയായാണ് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 90 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 12,085 രൂപയായും പവന് 96,680 രൂപയായും വില വർധിച്ചു.

ആഗോള വിപണിയിൽ സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്നാം ആഴ്ചയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വർണം. വെള്ളിയാഴ്ച സ്പോട്ട് ഗോൾഡ് വില 0.5 ശതമാനം ഉയർന്ന് ഔൺസിന് 4,540.18 ഡോളറിലെത്തി. ജൂൺ ആദ്യവാരത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരമാണിത്. ഈ ആഴ്‌ച മാത്രം സ്വർണവില 3.6 ശതമാനം ഉയർന്നു. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയും 0.6 ശതമാനം ഉയർന്ന് 4,596.60 ഡോളറിലെത്തി.യുഎസ് ഡോളറിന്റെ ദൗർബല്യമാണ് സ്വർണവിലയ്ക്ക് പ്രധാന പിന്തുണ നൽകുന്നത്. ഡോളർ ദുർബലമാകുമ്പോൾ മറ്റ് കറൻസികൾ കൈവശമുള്ള നിക്ഷേപകർക്ക് ഡോളറിൽ വില നിശ്ചയിക്കുന്ന സ്വർണം കൂടുതൽ ആകർഷകമാകും.

അതേസമയം, ദീർഘകാല യുഎസ് ട്രഷറി ബോണ്ടുകൾ തിരിച്ചുവാങ്ങാനുള്ള യുഎസ് ട്രഷറിയുടെ തീരുമാനവും സ്വർണവിലയെ പിന്തുണച്ചു. ഓരോ ബൈബാക്കിലും കുറഞ്ഞത് 4 ബില്യൺ ഡോളർ മൂല്യമുള്ള ദീർഘകാല ബോണ്ടുകൾ തിരിച്ചുവാങ്ങാനാണ് ട്രഷറി ലക്ഷ്യമിടുന്നത്.

ഇനി സ്വർണവിലയുടെ അടുത്ത നീക്കത്തിൽ നിർണായകമാകുക യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് തീരുമാനമായിരിക്കും. സെപ്റ്റംബറിലെ യോഗത്തിൽ പലിശനിരക്ക് മാറ്റമില്ലാതെ തുടരാനുള്ള സാധ്യതയാണ് നിലവിൽ വിപണി കൂടുതലായി കണക്കാക്കുന്നത്.

ഇതിനിടെ ഇറാനെതിരായ കൂടുതൽ കടുത്ത ഉപരോധങ്ങളെക്കുറിച്ചുള്ള യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ പ്രഖ്യാപനവും ആഗോള വിപണിയിലെ അനിശ്ചിതത്വം വർധിപ്പിക്കുന്നുണ്ട്.

സ്വർണത്തിന് പുറമെ വെള്ളി, പ്ലാറ്റിനം, പല്ലാഡിയം തുടങ്ങിയ മറ്റ് വിലയേറിയ ലോഹങ്ങളും നേട്ടത്തിലാണ്. വെള്ളി 1.3 ശതമാനവും പ്ലാറ്റിനം 2.4 ശതമാനവും പല്ലാഡിയം 1.3 ശതമാനവും ഉയർന്നു.ഡോളറിൻ്റെ നീക്കം, യുഎസ് പലിശനിരക്ക്, ട്രഷറി ബോണ്ട് വിപണി, ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയാണ് വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button