ഇന്ത്യൻ നാവികസേനയ്ക്ക് പുതിയ കരുത്ത്: തദ്ദേശീയമായി നിർമിച്ച ആദ്യ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പ് കടലിലിറക്കി

വിശാഖപട്ടണം: വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമ്മിച്ച ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പ് ‘ഐ.എൻ.എസ് സൂര്യ’ കടലിലിറക്കി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഞ്ചാമത് ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പിന്റെ കീൽ ലൈയിംഗ് കർമ്മവും, നവീകരിച്ച സ്ലിപ്‌വേ-4, 300 ടൺ ശേഷിയുള്ള ഗൊലിയാത്ത് ക്രെയിൻ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. വലിയ കപ്പലുകൾ നിർമ്മിക്കുന്നതിനും ഇന്ത്യയുടെ സമുദ്ര പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും നിർണ്ണായകമായ ചുവടുവെപ്പാണിതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പുകളിൽ വലിയ അളവിൽ കാർഗോയും ഇന്ധനവും സംഭരിക്കാനുള്ള ശേഷി, ആകാശമാർഗ്ഗമുള്ള പ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്റർ ഡെക്ക്, സ്വയം പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്എച്ച്.എസ്.എൽ ഇന്ത്യയുടെ സമുദ്ര ശക്തിയുടെ അടിത്തറ തന്നെയാണ് ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പ് പ്രോഗ്രാം സഹായിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. വിദൂര സമുദ്രമേഖലകളിൽ ദീർഘകാലം പ്രവർത്തിക്കുന്ന നാവികസേനയ്ക്ക് യുദ്ധക്കപ്പലുകൾക്ക് പുറമെ ലോജിസ്റ്റിക്‌സ്, അറ്റകുറ്റപ്പണികൾ, കടലിലെ തുടർച്ചയായ പിന്തുണ എന്നിവ അത്യാവശ്യമാണ്. കടലിൽ വെച്ചുതന്നെ ഇന്ധനവും മറ്റ് സാധനങ്ങളും നിറയ്ക്കുന്നതിലൂടെ ഈ ആധുനിക കപ്പലുകൾ നാവികസേനയ്ക്ക് കരുത്തേകും.
45,000 ഡി.ഡബ്ല്യു.ടി വരെയുള്ള വലിയ കപ്പലുകൾ നിർമ്മിക്കുന്നതിനും പുറത്തിറക്കുന്നതിനുമായി നവീകരിച്ച സ്ലിപ്‌വേ-4 വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കീഴിൽ എൽ & ടി ജിയോസ്ട്രക്ചറും കോണെക്രെയിൻസും ചേർന്ന് നിർമ്മിച്ചതാണ് 300 ടൺ ശേഷിയുള്ള പുതിയ ഗൊലിയാത്ത് ക്രെയിൻ. പി.എൽ.സി കൺട്രോളുകൾ, വേരിയബിൾ ഫ്രീക്വൻസി ഡ്രൈവുകൾ, ടാണ്ടം ലിഫ്റ്റിംഗ്, റിമോട്ട് ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളാൽ സമ്പന്നമായ ഈ ക്രെയിൻ, കനത്ത ബ്ലോക്കുകൾ വേഗത്തിലും കൃത്യതയോടും കൂടി കൈകാര്യം ചെയ്യാൻ സഹായിക്കും. ആത്മനിർഭരത എന്നത് ഒരു പ്രധാന നാഴികക്കല്ലാണ്, എന്നാൽ ആഗോളതലത്തിലുള്ള മത്സരശേഷിയാണ് അടുത്ത വലിയ ഘട്ടം,” എന്ന് അഭിപ്രായപ്പെട്ട രാജ്‌നാഥ് സിംഗ്, ഗുണനിലവാരം, ചെലവ്, സാങ്കേതികവിദ്യ, കൃത്യസമയത്തുള്ള ഡെലിവറി എന്നിവയിൽ ലോകത്തിലെ മുൻനിര ഷിപ്പ്‌യാർഡുകളോട് മത്സരിക്കാൻ ഇന്ത്യൻ ഷിപ്പ്‌യാർഡുകൾക്ക് കഴിയണമെന്ന് ഓർമ്മിപ്പിച്ചു




