Uncategorized

സിസിടിവി ഇല്ലാത്ത ഗ്രാമത്തിൽ നിന്ന് ഹെൽമറ്റ് വച്ച 2 പേരെ തേടി തുടങ്ങിയ അന്വേഷണം; ചെന്നെത്തിയത് കർണാടകയിൽ; സ്വർണക്കവർച്ച കേസിൽ പ്രതികൾ പിടിയിൽ

കാസർകോട്: ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊണ്ടാർ വെള്ളക്കടവിൽ വീടുകുത്തിത്തുറന്ന് ഏഴര പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ടുപേരെ പോലീസ് സാഹസികമായി പിടികൂടി. കൊല്ലം സ്വദേശിയായ അഭിരാജ്, കൊല്ലം പത്തനാപുരം സ്വദേശി ആദിത്യൻ (23) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതിൽ പിടിയിലായ അഭിരാജ് വിവിധ സ്റ്റേഷനുകളിലായി 22-ഓളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ്
കാസർകോട്: ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊണ്ടാർ വെള്ളക്കടവിൽ വീടുകുത്തിത്തുറന്ന് ഏഴര പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ടുപേരെ പോലീസ് സാഹസികമായി പിടികൂടി. കൊല്ലം സ്വദേശിയായ അഭിരാജ്, കൊല്ലം പത്തനാപുരം സ്വദേശി ആദിത്യൻ (23) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതിൽ പിടിയിലായ അഭിരാജ് വിവിധ സ്റ്റേഷനുകളിലായി 22-ഓളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ്.

കഴിഞ്ഞ സെപ്റ്റംബർ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. കൊണ്ടാർ വെള്ളക്കടവ് സ്വദേശി സദാനന്ദന്റെ വീട്ടിൽ പകൽ സമയത്താണ് മോഷണം നടന്നത്. അടുക്കളവാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴര പവൻ സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. സംഭവസ്ഥലത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നത് തുടക്കത്തിൽ അന്വേഷണത്തിന് തടസ്സമായെങ്കിലും, നാട്ടുകാരൻ നൽകിയ വിവരമാണ് കേസിൽ വഴിത്തിരിവായത്. ഹെൽമറ്റ് ധരിച്ച രണ്ടുപേർ മോട്ടോർസൈക്കിളിൽ പോകുന്നത് കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

തുടർന്ന് കർണാടക അതിർത്തി കടന്ന് മൈസൂരു, നഞ്ചൻഗോഡ് വരെയുള്ള മേഖലകളിലെ ഇരുനൂറ്റമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞു. എറണാകുളം പനങ്ങാട് ഭാഗത്തുള്ള കുമ്പളത്തെ വാടകവീട്ടിൽ നിന്ന് അഭിരാജിനെയും, കൊല്ലം പത്തനാപുരത്തെ വാടകവീട്ടിൽ നിന്ന് ആദിത്യനെയും പോലീസ് സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാസർകോട് ജില്ലാ പോലീസ് മേധാവി നിധിൻരാജിൻ്റെ നിർദ്ദേശപ്രകാരം ബേക്കൽ ഡി.വൈ.എസ്.പി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ ആദൂർ ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്. സബ് ഇൻസ്പെക്ടർ ശരത് കെ., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ പ്രസാദ് പുല്ലൂർ, ജോസ് വിൻസന്റ്, സി.പി.ഒമാരായ സുരേഷ്, നിതിൻ, ദിവാകർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button