ശ്രീരാമന്റെ ആക്ഷേപം സങ്കടകരം; പുലിക്കളി പണ്ടേ ഇഷ്ട്ടം, 24 ലക്ഷം ഇന്നലെ നൽകിയെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം
പുലിക്കളിക്കെതിരെ നടൻ വി.കെ. ശ്രീരാമൻ ആക്ഷേപം ഉന്നയിക്കുമെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അങ്ങനെയുണ്ടെങ്കിൽ അതു സങ്കടകരമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ പൂരത്തിനോളം വലിപ്പമുള്ള ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ എന്നും സുരേഷ് ഗോപി മനോരമ ഓൺലൈനോടു പറഞ്ഞു. വി.കെ.ശ്രീരാമന്റെ ഫെയ്സ്ബുക് കുറിപ്പിനെതിരെ വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് തൃശൂർ എംപി കൂടിയായ സുരേഷ് ഗോപി പ്രതികരിച്ചത്. ആ കലാരൂപത്തിനുള്ള പ്രസക്തി കൊണ്ടാണ് കേന്ദ്രസർക്കാർ ഉൾപ്പെടെ ധനസഹായം അനുവദിച്ചത്.
കഴിഞ്ഞ ദിവസമാണ് 24 ലക്ഷം രൂപ പുലിക്കളി സംഘങ്ങൾക്കു കൈമാറിയത്. ഒരു കലാകാരൻ എന്ന നിലയിൽ പുലിക്കളി എനിക്കു പണ്ടേ ഇഷ്ടമാണ്. പാവങ്ങളാണ് ഈ കലാപ്രകടനവുമായി സമൂഹത്തെ ആനന്ദിപ്പിക്കാൻ എത്തുന്നത്. പുലിക്കളി ജനങ്ങളുടെ ഉത്സവമാണെന്നു പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയാണു രാജ്യസഭാംഗമായിരുന്നപ്പോൾ 1 ലക്ഷം രൂപ വീതം സൗത്ത് സോൺ കൾച്ചറൽ സെന്റർ വഴി പുലിക്കളി സംഘങ്ങൾക്കു നൽകിയത്. പിന്നീട് 50,000 രൂപ വീതം ഞാൻ നേരിട്ടും നൽകിയിരുന്നു. പിന്നീട് ടൂറിസം സഹമന്ത്രി ആയപ്പോഴാണ് കൂടുതൽ തുക അനുവദിപ്പിക്കാൻ കഴിഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു.
കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം എന്നാണ് പുലിക്കളിയെ നടൻ നടൻ വി.കെ.ശ്രീരാമൻ വിശേഷിപ്പിച്ചത്. പുരുഷന്മാർക്കു മാറും വയറും വളരുന്നതു രൂപ വൈകൃതമാണെന്നും കലയ്ക്കുവേണ്ടി വൈകൃതത്തെ ഉപയോഗിക്കുന്നത് ആഭാസമാണെന്നും ശ്രീരാമൻ കുറിച്ചു. ഇതുപോലൊരു കലാവൈകൃതം ലോകത്ത് ഒരിടത്തുമില്ല. ഈ കുംഭകുലുക്കിക്കളിയെ ശാർദൂലവിക്രീഡിതം എന്നാണു പറയുന്നതെന്നും ശ്രീരാമൻ ഫെയ്സ്ബുക് പോസ്റ്റിൽ പരിഹസിച്ചിരുന്നു.




