കുഴഞ്ഞുവീണുള്ള മരണമല്ല, കൊലപാതകം; ഭാര്യ അറസ്റ്റിൽ, അന്വേഷണം ഹെൽമറ്റ് ധരിച്ച ആ രഹസ്യ സുഹൃത്തിലേക്ക്?

കൊല്ലം: കുണ്ടറയ്ക്ക് സമീപം വെള്ളിമണിൽ കുഴഞ്ഞുവീണ് മരിച്ചെന്ന് കരുതിയ ഗൃഹനാഥനെ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞ സംഭവത്തിൽ ഭാര്യയുടെ സുഹൃത്തിനും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. ഹെൽമെറ്റ് ധരിച്ചൊരാൾ ബൈക്കിൽ സ്ഥിരം ഇവരെത്തേടിയെത്താറുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. വെള്ളിമൺ വ്ളാവേത്ത് രാജു മന്ദിരത്തിൽ രാജു (56) ആണ് മരിച്ചത്. ഭാര്യ ലേഖാ മേരി (48) യെയാണ് കുണ്ടറ പോലീസ് അറസ്റ്റുചെയ്തത്. വീട്ടിൽ ഇരുവരുംമാത്രമായിരുന്നു താമസം. വെള്ളിയാഴ്ച വെളുപ്പിന് 5.30-ഓടെയാണ് രാജുവിനെ അബോധാവസ്ഥയിൽ ബന്ധുക്കൾ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
ലേഖാ മേരി ആവശ്യപ്പെട്ടതിനെത്തുടർന്ന് സമീപത്ത് താമസിക്കുന്ന സഹോദരനാണ് രാജുവിനെ ആശുപത്രിയിലെത്തിച്ചത്. അസ്വാഭാവിക മരണമറിഞ്ഞെത്തിയ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കഴുത്തിൽ പാടുകൾ കണ്ടെത്തി. ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ചതോടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിന് അയയ്ക്കുകയായിരുന്നു. കഴുത്തിൽ അമർത്തിയതിനെ തുടർന്നാണ് മരണമുണ്ടായതെന്ന് ഡോക്ടർ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് മരണം ഉറപ്പാക്കിയതെന്ന് ലേഖാ മേരി പോലീസിനോട് പറഞ്ഞു.രാജു സൗമ്യനാണെന്നും മദ്യപിക്കാറില്ലെന്നുമാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. പെയ്ന്റിങ് തൊഴിലാളിയായിരുന്നു. സ്വത്തിനുവേണ്ടി ലേഖാമേരി മുൻപും പ്രശ്നങ്ങളുണ്ടാക്കാറുണ്ടായിരുന്നു. ഇരുവരും പിണങ്ങി അകന്നുനിൽക്കുകയായിരുന്നു. ഒരുവർഷത്തോളമേ ആയുള്ളൂ വീണ്ടും ഒന്നിച്ച് താമസിച്ചുതുടങ്ങിയിട്ട്. ഇവരുടെ ഏക മകൾ ബന്ധുവിന്റെ വീട്ടിൽനിന്നാണ് പഠിക്കുന്നത്.



