Uncategorized

ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന; യാത്രക്കാരിയെ അതിവേഗം ആശുപത്രിയിലെത്തിച്ച് യാസിൻ ബസ് ജീവനക്കാർ

മട്ടന്നൂർ: ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരിയെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് യാസിൻ ബസ് ജീവനക്കാർ മാതൃകയായി.
ഉരുവച്ചാൽ–പെരാവൂർ–തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന യാസിൻ ബസിലെ യാത്രക്കാരിക്കാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ബുധനാഴ്ച പെരാവൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുന്നതിനിടെ മാലൂർ എരിട്ടെങ്ങലിൽ നിന്ന് മകളോടൊപ്പം കൂത്തുപറമ്പിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദേവിക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ബസിന്റെ മുൻവശത്തെ സീറ്റിലിരുന്ന ദേവി കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ഡ്രൈവർ പ്രമോദ്, കണ്ടക്ടർ ജസീൽ, ക്ലീനർ പ്രമോദ് എന്നിവരും മറ്റ് യാത്രക്കാരും ചേർന്ന് ദേവിയെ ആശുപത്രിയിലെത്തിക്കാൻ നടപടി സ്വീകരിച്ചു. ആരോഗ്യനില ഗുരുതരമാണെന്ന് മനസ്സിലായതോടെ പതിവ് സ്റ്റോപ്പുകളിൽ ബസ് നിർത്താതെയും പുതിയ യാത്രക്കാരെ കയറ്റാതെയും തുടർച്ചയായി ഹോൺ മുഴക്കിയും ലൈറ്റുകൾ തെളിച്ചും മറ്റ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഡ്രൈവർ ബസ് അതിവേഗം ഉരുവച്ചാൽ ഐ.എം.സി ആശുപത്രിയിലെത്തിച്ചു.
ബസ് നിർത്താതെ അതിവേഗത്തിൽ പോകുന്നത് കണ്ട നാട്ടുകാർ കാര്യമറിയാൻ പിന്നാലെ ആശുപത്രിയിലേക്കും എത്തി. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ദേവിയെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button