Uncategorized

തമിഴ്‌നാട് കമ്പനിക്ക് വേണ്ടി മൂന്ന് മാസം കരാർ നീട്ടിനൽകി; മിൽമയുടെ വഴിവിട്ട സഹായത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്

കോഴിക്കോട്: പാൽകുപ്പി ടെൻഡർ റദ്ദാക്കിയതിൽ മിൽമ നടത്തിയത് വഴിവിട്ട നീക്കങ്ങളെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ജവാൻ മദ്യത്തിനും മിൽമയുടെ മലബാർ എറണാകുളം യൂണിറ്റുകൾക്കും കുപ്പി വിതരണം ചെയ്യുന്ന കമ്പനിയെയാണ് മിൽമ ഒഴിവാക്കിയത്.

ഉയർന്ന നിരക്കിൽ കുപ്പി വിതരണം ചെയ്യുന്ന തമിഴ്‌നാട് കമ്പനിക്ക് മൂന്നുമാസമായി മിൽമ കരാർ നീട്ടിനൽകുകയും ചെയ്തു. പാൽകുപ്പി വിതരണത്തിൽ ഏറ്റവും കുറഞ്ഞ വില ക്വാട്ട് ചെയ്ത ക്ലിയർ പെറ്റ് കമ്പനിയോട് നിലവിലെ വിതരണക്കാരായ തമിഴ്‌നാട് കമ്പനിക്ക് വിതരണാവകാശം നൽകുമോയെന്ന് മിൽമ ആവശ്യപ്പെട്ടിരുന്നു.

ഇതുസംബന്ധിച്ച ഇമെയിലിന്റെ കോപിയും മീഡിയവൺ പുറത്തുവിട്ടിരുന്നു. ക്ലിയർ പെറ്റ് കമ്പനിക്ക് പൂർണമായും സപ്ലെ സാധ്യമാകുമോ എന്ന ആശങ്കയിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചതെന്നാണ് മിൽമ നൽകുന്ന വിശദീകരണം.

എന്നാൽ എറണാകുളത്തെ യൂണിറ്റുകൾക്കായി കഴിഞ്ഞ ഏഴ് വർഷമായി പലതരം ജാറുകൾ വിതരണം ചെയ്യുന്ന കമ്പനിയാണ് ക്ലിയർ പെറ്റ്. ഈ യൂണിറ്റുകൾ നൽകിയ സാക്ഷ്യപത്രവും കമ്പനി മിൽമക്ക് മുന്നിൽ ഹാജരാക്കിയിരുന്നു.

ഇത് കൂടാതെ ട്രാവൻകൂർ ഷുഗേഴ്സ് ഉത്പാദിപ്പിക്കുന്ന ജവാൻ മദ്യത്തിനായും ക്ലിയർ പെറ്റ് കുപ്പി വിതരണം ചെയ്‌തിട്ടുണ്ട്.

അങ്ങനയൊരു കമ്പനിയുടെ ഉത്പാദനക്ഷമതിയിൽ സംശയം ഉന്നയിക്കുന്നതിന് പിന്നിൽ മറ്റു താത്പര്യങ്ങളുണ്ടെന്നാണ് ആക്ഷേപം.

അതേസമയം ടെൻഡർ റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസിൽ ഉത്പാദനക്ഷമതയെ കുറിച്ച് പരാമർശമില്ല. എന്നാൽ തമിഴ്‌നാട് ആസ്ഥാനായ ടിപിഐ സ്കൈപെറ്റ് എന്ന കമ്പനിയുടെ കരാർ ഏപ്രിലിന് മുമ്പെ കഴിഞ്ഞിട്ടും ഇപ്പോഴും അവരിൽ നിന്നുതന്നെ ഉയർന്ന വിലക്ക് മിൽമ കുപ്പി വാങ്ങിക്കൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button