22 വർഷത്തെ നിയമ പോരാട്ടം, ക്രിമിനൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ വെറുതെവിട്ട് കോടതി

അഹമ്മദാബാദ് 22 വർഷം പഴക്കമുള്ള ക്രിമിനൽ കേസിൽ കുറ്റവിമുക്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി 2004 ലാണ് ഇന്ത്യൻ താരം ജേക്കബ് മാർട്ടിനെതിരെ പൊലീസ് എഫ്ഐആറിട്ടത്. എന്നാൽ 22 വർഷത്തെ നിയമപോരാട്ടത്തിനു ശേഷം വഡോദര സ്വദേശിയായ മുൻ ഇന്ത്യൻ താരം കുറ്റവിമുക്തനാകുകയായിരുന്നു. യുകെ ഇമ്മിഗ്രേഷൻ സ്റ്റാംപ്, യാത്രാ രേഖകൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവ ജേക്കബ് മാർട്ടിൻസ് വ്യാജമായി ഉണ്ടാക്കിയെന്നായിരുന്നു കേസ്. എന്നാൽ ഇടപാടുകൾ തെളിയിക്കുന്ന വിശ്വസനീയമായ രേഖകളില്ലെന്നു നിരീക്ഷിച്ചാണ് പട്യാല ഹൗസ് കോടതി താരത്തെ വെറുതെവിട്ടത്.
രൂക്ഷഭാഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ മാർട്ടിൻ പ്രതികരിച്ചത്. 2004-ൽ തന്റെ ടീമിലുണ്ടായിരുന്ന ഒരാൾ യുകെ വീസയുടെ കാലാവധി കഴിഞ്ഞിട്ടും അവിടെ തുടരുകയും, വ്യാജ ഇമിഗ്രേഷൻ സ്റ്റാമ്പ് നേടി ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തതിനെത്തുടർന്നാണ് ഈ കേസ് ഉണ്ടായതെന്ന് മാർട്ടിൻ പറഞ്ഞു. ആദ്യ എഫ്ഐആറിൽ തന്റെ പേര് പരാമർശിച്ചിരുന്നില്ലെങ്കിലും അന്വേഷണത്തിനിടെ അത് ഉൾപ്പെടുത്തുകയായിരുന്നെന്നും, ഒരു ക്രിക്കറ്റ് താരം എന്ന നിലയിലുള്ള തന്റെ പ്രശസ്തിയാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
22 വർഷം നീണ്ട നിയമ പോരാട്ടം തന്നെ വലിയ സമ്മർദത്തിലേക്ക് കൊണ്ടെത്തിച്ചെന്നും ഇന്ത്യൻ റെയിൽവേയിലെ ജോലി നഷ്ടമായെന്നും മാർട്ടിൻ വെളിപ്പെടുത്തി. ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ച ജേക്കബ് മാർട്ടിൻ 22.57 ശരാശരിയിൽ 158 റൺസാണു സ്കോർ ചെയ്തത്. 2001 ൽ കെനിയയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് താരം ഒടുവിൽ ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. 2009 വരെ ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്കു വേണ്ടിയും താരം കളിക്കാനിറങ്ങി.



