അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി, എഫ്‌സിആർഎയുമായി ബന്ധപ്പെട്ട് ഒരുറപ്പും ലഭിച്ചില്ല: ഫാദർ മാത്യു കോയിക്കൽ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നും എഫ്‌സിആര്‍എ ചട്ടഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ മാത്യു കോയിക്കല്‍. പ്രശ്‌നങ്ങള്‍ അമിത് ഷായ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നീണ്ടു നിന്നു. സൗഹൃദപരമായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.
ജനദ്രോഹപരമായ ബില്ല് ആണെങ്കില്‍ പാസ്സാക്കാന്‍ അനുവദിക്കരുത്. ഇതാണ് പ്രതിപക്ഷ എംപിമാരോടും പറയാനുള്ളത്. മറ്റു രാജ്യങ്ങളില്‍ നിന്ന് നമ്മുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. വ്യവസ്ഥകളെക്കുറിച്ച് ബില്ല് വന്നതിനു ശേഷം പ്രതികരിക്കാം. മാറ്റങ്ങള്‍ ഉണ്ടോ എന്ന് അപ്പോഴേ അറിയാന്‍ സാധിക്കൂ. എഫ്‌സിആര്‍എയിലെ കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവന്നത് യുപിഎ സര്‍ക്കാര്‍ ആണെന്ന് അമിത് ഷാ ആവര്‍ത്തിച്ചുവെന്നും ഫാദര്‍ മാത്യു കോയിക്കല്‍ കൂട്ടിച്ചേര്‍ത്തു.
എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ ക്രൈസ്തവ സഭകള്‍ കടുത്ത ആശങ്കയ അറിയിച്ചിരുന്നു. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര യോഗം വിളിച്ചിരുന്നു. ചട്ട ഭേദഗതി നിയവിരുദ്ധമെന്നാണ് സഭകളുടെ വിമര്‍ശനം. വിദേശ സംഭാവന സ്വീകരിക്കാനും ചെലവഴിക്കാനും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ എഫ്സിആര്‍എ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്
എഫ്‌സിആർഎ നിയമഭേദഗതി ബില്ല് വീണ്ടും പാർലമെന്റിൽ കൊണ്ടുവരുന്നതിന് മുന്നോടിയായാണ് പുതിയ ചട്ട ഭേദഗതി. ദേവാലയങ്ങൾ നവീകരിക്കുക, വേദഗ്രന്ഥങ്ങൾ അച്ചടിക്കുക തുടങ്ങി 105 തരം പ്രവർത്തനങ്ങൾക്ക് മാത്രമേ ഇനിമുതൽ വിദേശ ഫണ്ട് ഉപയോഗിക്കാനാകൂ. ഏത് തരം പ്രവർത്തനത്തിനാണ് പണം ചെലവഴിക്കുന്നത് എന്നത് രജിസ്‌ട്രേഷൻ സമയത്ത് കേന്ദ്ര സർക്കാരിനെ അറിയിക്കണം.
മത പരിവർത്തനത്തിന് പണം ചെലവഴിക്കാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്. രണ്ട് വർഷത്തിനിടയിൽ 10 ലക്ഷം രൂപയെങ്കിലും ചെലവഴിക്കുന്ന സ്ഥാപനങ്ങൾക്കേ എഫ്‌സിആർഎ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ. ഇതടക്കം കർശന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച പുതിയ ഭേദഗതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായി. കേന്ദ്ര സർക്കാർ നീക്കത്തിൽ കടുത്ത പ്രതിഷേധത്തിലാണ് രാജ്യത്തെ ക്രൈസ്തവ സഭകൾ.




