Uncategorized

പുനര്‍ജനി കേസ്: ‘തെരഞ്ഞെടുപ്പ് തോറ്റത് മുതല്‍ ഗോവിന്ദന്‍ മാഷിന് സംശയം കൂടുതലാണ്’; പരിഹസിച്ച് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വി ഡി സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. തെളിവ് ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടും എന്തുകൊണ്ട് അന്നത്തെ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടില്ലെന്നും ആഭ്യന്തര മന്ത്രി ചോദിച്ചു. അതില്‍ കഴമ്പില്ല എന്നുള്ളത് കൊണ്ടല്ലേ മുന്നോട്ട് പോകാഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘ഗോവിന്ദന്‍ മാഷിന് മാത്രമേ ഇത് അറിയാതെ ഉള്ളൂ. പിണറായി വിജയന്‍ പോലും ഇതില്‍ ഒന്നും പറഞ്ഞിട്ടില്ല. എം വി ഗോവിന്ദന്‍ മാഷിന് മാത്രമേ ഇത് അറിയാതെ ഉള്ളൂ. തെരഞ്ഞെടുപ്പില്‍ തോറ്റത് മുതല്‍ ഗോവിന്ദന്‍ മാഷിന് സംശയം കൂടുതല്‍ ആണ്’, രമേശ് ചെന്നിത്തല പറഞ്ഞു. ഓഗസ്റ്റ് 15 മുതല്‍ പൊലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറുന്ന കര്‍മ പരിപാടി ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മൈ പൊലീസ് സ്റ്റേഷന്‍ എന്ന പദ്ധതി കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ജനാധിപത്യ പൊലീസ് എന്ന സങ്കല്‍പ്പത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ പൊലീസ് സ്റ്റേഷന്‍ എന്ന വികാരം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും പൊലീസ് സ്റ്റേഷന് സൗഹൃദപരമാക്കുകയാണ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

‘പൊലീസ് സ്റ്റേഷന്‍ സൗഹൃദപരം ആക്കുകയാണ് ലക്ഷ്യം. ഓഗസ്റ്റ് 15 മുതല്‍ കേരളത്തിലെ പൊലീസില്‍ വരുത്തുന്ന വലിയ മാറ്റം ആവും ഇത്. സിഐ മാര്‍ക്കായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പൊലീസ് സ്റ്റേഷന്‍ ചുമതല. സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക് നല്‍കും. സിഐമാര്‍ക്ക് ഒന്നോ രണ്ടോ സ്റ്റേഷനുകളുടെ സൂപ്പര്‍വൈസിങ് ചുമതല നല്‍കും. മുല്ലപ്പെരിയാര്‍ പ്രാധാന്യം കണക്കിലെടുത്ത് ആ സ്റ്റേഷന്‍ ചുമതല ഡിവൈഎസ്പിക്ക് ആയിരിക്കും. കേരളത്തിലെ 63 സ്റ്റേഷനുകളില്‍ എസ്എച്ച്ഒമാര്‍ ആകാന്‍ പോകുന്നത് വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍’, ആഭ്യന്തര വകുപ്പ് മന്ത്രി പറഞ്ഞു.

സ്റ്റേഷനില്‍ എത്തുന്നവരുടെ അന്തസും അഭിമാനവും മാനിച്ച് കൊണ്ടുള്ള സേവനമാണ് മൈ പൊലീസ് സ്റ്റേഷന്റെ പ്രത്യേകത. പൗരന്റെ സംതൃപ്തി ഉറപ്പാക്കുകയാണ് ലക്ഷ്യം. കസ്റ്റഡി മര്‍ദനം, കസ്റ്റഡി മരണം ഇല്ലാതാക്കുകയാണ് ലക്ഷ്യം. ആരുടെ നേരെയും മൂന്നാംമുറ പ്രയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കസ്റ്റോഡിയല്‍ ക്രൈം ഇല്ലാതാക്കുകയാണ് പ്രധാനമെന്നും എസ്എച്ച്ഒമാരായി വരുന്ന എസ്‌ഐമാര്‍ക്കെല്ലാം പ്രത്യേക ഓറിയന്റേഷന്‍ ക്ലാസ്സ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button