വരുന്നത് സമ്പൂർണ സൂര്യഗ്രഹണം; പകൽ കൂരാക്കൂരിരുട്ട്; ഇനി ദിവസങ്ങൾ മാത്രം

ഓഗസ്റ്റിലെ സമ്പൂർണ സൂര്യഗ്രഹണത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള വാനനിരീക്ഷകർ. എന്നാൽ ഇനി അധികനാളുകളില്ല, വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുള്ളൂ ആകാശത്തിലെ ആ വിസ്മയകാഴ്ചയ്ക്ക്. ഓഗസ്റ്റ് 12 ബുധനാഴ്ചയാണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്. സമയ മേഖലകളിലെ വ്യത്യാസം കാരണം ഇന്ത്യയിൽ ഇത് ഓഗസ്റ്റ് 13നായിരിക്കും. 4 മണിക്കൂർ, 23 മിനിറ്റ്, 42 സെക്കൻഡാണ് ഇത്രവലിയ ഗ്രഹണം നീണ്ടുനിൽക്കുക.
ഇന്ത്യയിൽ ദൃശ്യമാകുമോ?
നാസ പറയുന്നത് പ്രകാരം ഓഗസ്റ്റ് 12-നാണ് സമ്പൂർണ സൂര്യഗ്രഹണം നടക്കുന്നത്. എന്നാൽ ഇന്ത്യൻ സമയക്രമമനുസരിച്ച് ഗ്രഹണം ആരംഭിക്കുന്നത് ഓഗസ്റ്റ് 12 രാത്രി വൈകിയും അവസാനിക്കുന്നത് ഓഗസ്റ്റ് 13 പുലർച്ചെയുമാണ്. ഇന്ത്യൻ സമയം ഓഗസ്റ്റ് 12 രാത്രി 9:04:15-ന് ഭാഗിക ഗ്രഹണം ആരംഭിക്കും. രാത്രി 10:28:09-ന് സമ്പൂർണ ഗ്രഹണവും തുടങ്ങും. രാത്രി 11:16-ഓടെ ഗ്രഹണം അതിന്റെ പാരമ്യത്തിലെത്തും. ഓഗസ്റ്റ് 13 പുലർച്ചെ 12:04:07-ന് സമ്പൂർണ ഗ്രഹണം അവസാനിക്കും. പുലർച്ചെ 1:27:57-ന് ഭാഗിക ഗ്രഹണവും അവസാനിക്കും.
അതായത്.. ഓഗസ്റ്റ് 12-ന് ഇന്ത്യൻ സമയം രാത്രി 9:04 മുതൽ ഓഗസ്റ്റ് 13 പുലർച്ചെ 1:28 വരെ. അർധരാത്രി ആയതുകൊണ്ട് തന്നെ ഓഗസ്റ്റ് 12-ലെ സമ്പൂർണ സൂര്യഗ്രഹണം ഇന്ത്യയിൽ ഒരിടത്തും ദൃശ്യമാകില്ല.
എവിടെയെല്ലാം കാണാം?
വടക്കൻ റഷ്യ, ഗ്രീൻലാൻഡ്, ഐസ്ലാൻഡ്, നോർത്ത് അറ്റ്ലാന്റിക്, സ്പെയിൻ, പോർച്ചുഗലിന്റെ ചെറിയൊരു ഭാഗം എന്നിവിടങ്ങളിലൂടെയാണ് ഗ്രഹണ പാത കടന്നുപോകുന്നത്. യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ, കാനഡ, യുഎസിന്റെ വടക്കൻ ഭാഗങ്ങൾ, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും. ഇന്ത്യയിലുള്ളവർക്ക് നേരിട്ട് കാണാൻ സാധിക്കില്ല. ഓൺലൈൻ ലൈവ് സംപ്രേക്ഷണങ്ങളിലൂടെയാണ് ഈ വിസ്മയ കാഴ്ച ആസ്വദിക്കാനാവുന്നത്.
അതേസമയം, ഓഗസ്റ്റ് 12 മറ്റൊരു പ്രത്യേകത കൂടി നൽകുന്നു. സൂര്യഗ്രഹണത്തിന് പുറമെ വർഷം തോറും ദൃശ്യമാകുന്ന പെർസിഡ് ഉൽക്കാവർഷം അതിന്റെ പാരമ്യത്തിലെത്തുന്നതും അന്നാണ്. പകൽ സമയത്ത് സൂര്യഗ്രഹണവും രാത്രിയിൽ ഉൽക്കാവർഷവും ഒരേ ദിവസം അനുഭവിക്കാനാകുന്ന അപൂർവ അവസരമാണിത്.




