ജെൻസിയെ ലക്ഷ്യം വെച്ചുള്ള ബജറ്റ്, കാവേരി നദീജലത്തെ കുറിച്ച് ഉത്തരമില്ല; ബജറ്റിൽ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതികരിച്ച് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍. ബജറ്റില്‍ പുതുമയില്ലെന്നാണ് വിമര്‍ശനം. കാവേരി നദീജല പ്രശ്‌നത്തെ ഉയര്‍ത്തി കാണിച്ചാണ് ഉദയനിധി പ്രതികരിച്ചത്. കാവേരിയില്‍ വെള്ളമില്ലെന്നും സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെ പല പ്രാവശ്യം വിഷയം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നും വിമര്‍ശനമുണ്ട്. ജൂലൈ മാസം കാവേരി നദീജലത്തില്‍ ഗണ്യമായ കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടക സര്‍ക്കാരിനോട് വിഷയം സംസാരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് ധൈര്യമില്ലെന്നും ഉദയനിധി പറഞ്ഞു. മൂന്ന് മാസമായി കര്‍ഷകര്‍ ബുദ്ധിമുട്ടിലാണെന്നും പ്രതികരണമുണ്ടായി.
കഴിഞ്ഞ ദിവസം കാവേരി നദീജല പ്രശ്‌നത്തെ കുറിച്ച് സംസാരിച്ചതിന് തന്നെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകരുടെ പ്രശ്‌നത്തില്‍ ഇടപെടുന്നവരെ സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നു. എന്നെ മാത്രമല്ല ഈ വിഷയം ഉന്നയിക്കുന്ന എല്ലാ ഡിഎംകെ നേതാക്കളെയും സര്‍ക്കാര്‍ ഉന്നംവെയ്ക്കുന്നുണ്ടെന്നും ഉദയനിധി പറഞ്ഞു. ജെന്‍ സിയെ ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല. സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മാത്രം തമിഴ്‌നാട്ടില്‍ നാല് കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഉദയനിധി പറഞ്ഞു.
വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി മാരി വില്‍സണ്‍ ഇന്ന് അവതരിപ്പിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വാഗ്ദാനങ്ങള്‍ പടിപടിയായി നടപ്പിലാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ കട വിമുക്തമാക്കുക എന്നത് ലക്ഷ്യമിട്ടുള്ള ബജറ്റില്‍ ഒട്ടനവധിയായ ജനകീയ പ്രഖ്യാപനങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിന് 139 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന് 44,537 കോടി രൂപയും ഉന്നന വിദ്യാഭ്യസത്തിന് 8,393 കോടിയും യുവാക്കളുടെ കയിക പ്രവര്‍ത്തനങ്ങള്‍ക്ക് 1,051 കോടിയും സാമൂഹ്യ നീതിക്ക് 3,937 കോടി രൂപയും വകയിരുത്തി. 2036ഓടെ തമിഴ്‌നാടിനെ രാജ്യത്തെ വലിയ സാമ്പത്തിക ശക്തി ആക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്.




