Uncategorized

കോക്പിറ്റിൽ ഏറ്റുമുട്ടി പൈലറ്റുമാർ; ഹൈജാക്കിംഗ് പേടിയിൽ ദുബായ് – ടെൽ അവീവ് വിമാനം സൗദിയിലിറക്കി

ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം വഴിതിരിച്ചുവിട്ടു. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടെന്ന ഭീതിയെ തുടർന്ന് സൗദി അറേബ്യയിൽ വിമാനം ലാൻഡ് ചെയ്തു. വിമാനത്തിലെ രണ്ട് പൈലറ്റുമാർ തമ്മിൽ കോക്പിറ്റിൽ ഉണ്ടായ തർക്കവും കൈയാങ്കളിയുമാണ് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചത്.ഏതാണ്ട് 180 ഓളം ഇസ്രായേലി യാത്രക്കാരാണ് സംഭവ സമയം എഫ്‌ഇസഡ് 1073 എന്ന വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. വിമാനം പറന്നുയർന്ന ശേഷം രണ്ട് പൈലറ്റുമാരും തർക്കത്തിലേർപ്പെടുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു.

വിമാനത്തിൽ നിന്ന് ആദ്യം 7700 എന്ന എമർജൻസി കോഡ് ലഭിക്കുകയായിരുന്നു. പൊതുവായ അടിയന്തര സാഹചര്യത്തെയാണ് ഈ കോഡ് സൂചിപ്പിക്കുന്നത്. പിന്നീട് വിമാനത്തിൽ നിന്ന് 7500 എന്ന കോഡ് ലഭിച്ചു. ഇത് ഹൈജാക്ക് പോലുള്ള സാഹചര്യം സൂചിപ്പിക്കുന്നതാണ്. പിന്നീട് വീണ്ടും 7700 കോഡിലേക്ക് മാറി. ഇതോടെ ഇസ്രയേൽ വ്യോമസേന അടിയന്തര സാഹചര്യത്തിനായി യുദ്ധവിമാനങ്ങൾ സജ്ജമാക്കി.അടിയന്തര സാഹചര്യം മുന്നിൽക്കണ്ട് ഇസ്രയേൽ വ്യോമസേന ജാഗ്രതാ നിർദേശം നൽകുകയും യുദ്ധവിമാനങ്ങൾ വിന്യസിക്കുകയുമായിരുന്നു. പ്രതിരോധ ഉദ്യോഗസ്ഥരുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര ഉന്നതതല സുരക്ഷാ യോഗം വിളിച്ചുചേർത്തതായും റിപ്പോർട്ടുകളുണ്ട്.സൗദി അറേബ്യയിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് പിന്നാലെ ഇസ്രയേൽ വ്യോമാതിർത്തി താൽക്കാലികമായി അടക്കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും തുറന്നു.സംഭവം ഹൈജാക്ക് ആയിരുന്നില്ലെന്ന് പിന്നീട് ഇസ്രയേൽ ഉദ്യോഗസ്ഥരും പ്രതിരോധ വൃത്തങ്ങളും വ്യക്തമാക്കി. വിമാനത്തിലെ പൈലറ്റുമാർ തമ്മിലുണ്ടായ തർക്കത്തിനിടെഅടിയന്തര കോഡുകൾ പ്രക്ഷേപണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ജീവനക്കാരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button