Uncategorized

നീറ്റ് പ്രതിഷേധങ്ങൾ ശേഷം നടന്ന ആദ്യ തെര‍ഞ്ഞെടുപ്പിൽ ബിജെപിക്ക് സ്വന്തം തട്ടകത്തിൽ കാലിടറുന്നു; ബങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് മുന്നേറ്റം

​ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ രാജ്യവ്യാപകമായി ആളിക്കത്തിയ പ്രതിഷേധങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്വന്തം തട്ടകത്തിൽ കാലിടറുന്നു. ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം. സിറ്റിങ് എംഎൽഎയായിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ജൻ സുരാജ് പാർട്ടിക്കായി മത്സരിച്ച പ്രശാന്ത് കിഷോർ മുന്നേറുന്നത്.

ബങ്കിപ്പൂരിൽ വോട്ടെണ്ണൽ 22-ാം റൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ പ്രശാന്ത് കിഷോ‍ർ ലീഡ് 12000ത്തിലധികം വോട്ടുകളായി ഉയർത്തി. ബിജെപിക്കായി മത്സരിച്ച നീരജ് കുമാർ സിൻഹ ആണ് രണ്ടാം സ്ഥാനത്ത്. ആ‍ർജെഡി സ്ഥാനാ‍ർത്ഥി രേഖ കുമാരി മൂന്നാം സ്ഥാനത്താണ്. ബിജെപി ശക്തികേന്ദ്രമായ ബങ്കിപ്പൂരിൽ ഇതുവരെ ബിജെപി സ്ഥാനാ‍ർത്ഥിയല്ലാതെ മറ്റാരും വിജയിച്ചിട്ടില്ല. 2010ൽ മണ്ഡലം രൂപീകരിച്ചപ്പോൾ മുതൽ നിതിൻ നബീൻ ആണ് ബങ്കിപ്പൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. 2025ലെ ബിഹാ‍ർ നിയമസഭാ തെരഞ്ഞെടുപ്പിൽ 51,936 വോട്ടുകൾക്കായിരുന്നു നിതിൻ നബീൻ്റെ വിജയം.

അതേസമയം ബങ്കിപ്പൂരിന് പുറമേ, ഉപതെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ ദതിയ നിയമസഭ സീറ്റിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ​ഗുജറാത്തിലെ മഞ്ചാൽപൂ‍‍ നിയമസഭ സീറ്റിലെ ഫലം പ്രഖ്യാപിച്ചു. കോൺഗ്രസ് എംഎൽഎയായിരുന്ന രാജേന്ദ്ര ഭാരതിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ദതിയയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിനായി മത്സരിച്ച മുതിർന്ന നേതാവും മുൻ എംഎൽഎയുമായ കുൻവാർ ഘൻശ്യാം സിങ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ 10 റൗണ്ടുകൾ പിന്നിടുമ്പോൾ പതിനായിരത്തിലധികം വോട്ടുകൾക്കാണ് ബിജെപി സ്ഥാനാ‍‍ർത്ഥി അഷുതോഷ് തിവാരിക്കെതിരെ ഘൻശ്യാം സിങ് ലീഡ് ചെയ്യുന്നത്. മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ നരോത്തം മിശ്രയ്ക്ക് സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി ബിജെപിക്കുള്ളിൽ വൻ പൊട്ടിത്തെറി ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button