ഗ്യാനേഷ് കുമാറിന്റെ രാജിക്കായി രാജ്യവ്യാപക പ്രതിഷേധം; ജലപീരങ്കി, പ്രതിഷേധക്കാരെ തടഞ്ഞ് പൊലീസ്

ന്യൂഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം. ഡൽഹി, ജമ്മു കശ്മീർ, ബിഹാർ, അസം, ചണ്ഡീഗഡ്, തെലങ്കാന തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി. വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.
ഗുവാഹത്തിയിൽ കോൺഗ്രസിന്റെ നേതത്വത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. ഇവിടെ പൊലീസ് കനത്ത സന്നാഹം ഒരുക്കിയിരുന്നു. പ്രകടനത്തിനിടെ പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ തകർത്തു. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി ഉൾപ്പെടെ നിരവധി കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പട്നയിലും ചണ്ഡീഗഡിലും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കികൾ പ്രയോഗിച്ചു. മണിപ്പുരിൽ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഡൽഹിയിൽ യൂത്ത് കോൺഗ്രസ് ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ജന്തർ മന്തറിലും വ്യാപക പ്രതിഷേധം അരങ്ങേറുന്നുണ്ട്. ജന്തർ മന്തറിൽ കോൺഗ്രസ്, സിപിഐ (എംഎൽ), പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നുണ്ട്. ജന്തർ മന്തറിലേക്ക് പ്രതിഷേധക്കാർ പ്രവേശിക്കാതിരിക്കാൻ വൻ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. ജന്തർ മന്തറിലേക്കുള്ള വഴി പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു.




