ജയിലുകളുടെ ഭരണത്തിൽ കലാപം: സ്ഥലംമാറ്റത്തെ ചൊല്ലി ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റം

ജയിൽ വകുപ്പിലെ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ടുമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയരുന്നതിനിടെ കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റം ഉണ്ടായ സംഭവം വിവാദമായി. സ്ഥലംമാറ്റ ഉത്തരവിനെ തുടർന്ന് ചുമതല ഏറ്റെടുക്കാൻ കൊല്ലം ജില്ലാ ജയിലിൽ നിന്നും എത്തിയ ഡെപ്യൂട്ടി സൂപ്രണ്ടും നിലവിൽ ചുമതല വഹിച്ചിരുന്ന സൂപ്രണ്ടും തമ്മിലാണ് തർക്കം രൂക്ഷമായത്. സംഭവം കയ്യാങ്കളിയിലേക്കടക്കം നീങ്ങുന്ന സാഹചര്യവുമുണ്ടായി.
ചുമതല കൈമാറുന്നതിൽ ഉണ്ടായ തർക്കമാണ് വാക്കേറ്റത്തിന് വഴിവച്ചത്. തുടർന്ന് മറ്റ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. സംഭവവികാസങ്ങൾ പ്രശസ്ത മലയാള സിനിമകളിലെ രംഗങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്. ജൂലൈ 29-ന് പുറത്തിറങ്ങിയ ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ സ്ഥലംമാറ്റ ഉത്തരവാണ് വിവാദങ്ങൾക്ക് ആധാരം. ഉത്തരവ് പുറത്തിറങ്ങിയതോടെ ചില ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്റ്റേ ലഭിച്ചതോടെ ചിലർ സ്ഥലംമാറ്റത്തിൽ നിന്ന് ഒഴിവാകുകയും ഇത് വകുപ്പിനകത്ത് കൂടുതൽ ആശയക്കുഴപ്പത്തിനും സംഘർഷത്തിനും ഇടയാക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥലംമാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും പകപോക്കലുമുണ്ടെന്നാരോപിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ ജനറൽ ട്രാൻസ്ഫർ അപേക്ഷ സ്വീകരിക്കാതെ തയ്യാറാക്കിയ സ്ഥലംമാറ്റ പട്ടികയിൽ മുൻ സംഘടനാ അനുകൂലികളെ ജില്ല മാറ്റി ദൂരസ്ഥലങ്ങളിലേക്ക് നിയമിച്ചത് ഇതിൻ്റെ ഭാഗമാണെന്ന് ആരോപണം ഉയരുന്നു. കൂടാതെ, ജയിൽ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം അസോസിയേഷൻ ഭാരവാഹികൾ എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാരുടെ സ്ഥലം മാറ്റത്തിൽ വ്യാപക ഇടപെടലുകൾ നടത്തുന്നതിലും വിമർശനം ശക്തമാകുന്നു. ട്രാൻസ്ഫർ ഉത്തരവ് ഇറക്കിയതിന് പിന്നാലെ എസ്റ്റാബ്ളിഷ്മെൻ്റ് സെക്ഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ജയിൽ സൂപ്രണ്ടുമാരെ ഫോണിൽ വിളിച്ച് ട്രാൻസ്ഫർ ലഭിച്ച ഉദ്യോഗസ്ഥരെ ഉടൻ വിടുതൽ ചെയ്യണമെന്ന് നിർദേശം നൽകിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഭരണമാറ്റത്തിന് പിന്നാലെ ജയിൽ ആസ്ഥാന കാര്യാലയത്തിൽ കൂട്ടസ്ഥലംമാറ്റങ്ങൾ നടത്തി മിനിസ്റ്റീരിയൽ വിഭാഗം അസോസിയേഷൻ ഭാരവാഹികൾ എസ്റ്റാബ്ലിഷ്മെൻ്റ് സെക്ഷനിൽ സ്ഥാനമേൽക്കുകയും തുടർന്നുണ്ടായ സ്ഥലംമാറ്റ ഉത്തരവുകളിൽ സ്വാധീനം ചെലുത്തുന്നതായും വകുപ്പിനകത്ത് തന്നെ ആരോപണം നിലനിൽക്കുന്നു. ജയിൽ വകുപ്പിൽ എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാരുടെ സംഘടനകൾ നിലനിൽക്കെ സ്ഥലംമാറ്റത്തിൽ വകുപ്പിലെ തന്നെ മിനിസ്റ്റീരിയൽ വിഭാഗം അസോസിയേഷൻ്റെ ഇടപെടലുകൾ വ്യാപക പ്രതിഷേധം ഉയർത്തുന്നുണ്ട്. ജയിൽ ആസ്ഥാന കാര്യാലയത്തിൽ എസ്റ്റാബ്ളിഷ്മെൻ്റ് സെക്ഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാരുടെ ഫോണിൽ വിളിച്ച് ട്രാൻസ്ഫർ വാഗ്ദാനങ്ങൾ നൽകുന്നതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് അഴിമതി നടന്നേക്കാമെന്ന സംശയവും ശക്തമാകുന്നുണ്ട്.
ആഭ്യന്തര വിജിലൻസ് വകുപ്പിന്റെ പരിധിയിൽ വരുന്ന സ്ഥാപനത്തിനകത്ത് തന്നെ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിജിലൻസ് സംവിധാനത്തിന്റെ മൂക്കിനുതാഴെ ഇത്തരമൊരു സംഭവം നടന്നുവെന്നത് വലിയ ചര്‍ച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ വൃത്തങ്ങളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്.




