പൊൻമുടിയിൽ മണ്ണിടിച്ചിൽ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കല്ലാർ – പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇരുപത്തിരണ്ടാം വളവിന് സമീപത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
ഇന്നലെ രാത്രി മലയോര മേഖലയിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്ന് പുലർച്ചെയാകാം മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. വിതുരയിൽ നിന്ന് ഫയർഫോഴ്സും എത്തി. മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതവും തടസപ്പെട്ടു.
കനത്ത മഴയുടെ സാഹചര്യത്തിൽ പാലക്കാട്ടെ മലയോര മേഖലയിലും സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഉൾപ്പടെ മലയോര മേഖലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു. മലമ്പുഴയിലെ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. അച്ചൻകോവിൽ മേഖലയിലെ ഉൾവനത്തിലും കനത്ത മഴയാണ് പെയ്യുന്നത്.




