Uncategorized
പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു; കൊലപാതകത്തിന് പിന്നിൽ തർക്ക വൈരാഗ്യമെന്ന് പൊലീസ്

അമൃത്സർ: പഞ്ചാബിൽ വെടിയേറ്റ് ആം ആദ്മി പാർട്ടി നേതാവ് കൊല്ലപ്പെട്ടു. ഗുർപ്രീത് സിങ് ഗോപിയാണ് കൊല്ലപ്പെട്ടത്. ഫിറോസ്പൂരിൽ ശനിയാഴ്ച്ച വൈകിട്ട് സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ കാറിൽ അക്രമികൾ പിന്തുടർന്നെത്തി ഗുർ പ്രീതിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിൽ ഗുർപ്രീതിൻ്റെ സുഹൃത്തിനും പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുർപ്രീത് സിങിന്റെ ചില സുഹൃത്തുക്കൾ മറ്റൊരു കാറിൽ പിന്നിലുണ്ടായിരുന്നു. ഈ കാറിനു നേരെയും അക്രമികൾ വെടിയുതിർത്തിരുന്നു. ആക്രമണത്തിന് പിന്നിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പഴയൊരു തർക്കമാണെന്നും അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു.




