Uncategorized

വെറും പ്രഖ്യാപനങ്ങളും വാഗ്‍ദാനങ്ങളും മാത്രം; മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന് ഇന്നും അവഗണന

ഇന്ത്യയിലെ ആദ്യ പൈതൃക സംരക്ഷണ പദ്ധതി എന്ന പ്രത്യേകതയാണ് തൃശൂരിലെ മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിനുള്ളത്. പൈതൃക സംരക്ഷണമെന്ന പ്രധാന ലക്ഷ്യത്തിനൊപ്പം വിശാല കാഴ്ചപ്പാടോടെ വിഭാവനം ചെയ്ത പദ്ധതി പക്ഷേ ഇന്ന് കടുത്ത അവഗണനയാണ് നേരിടുന്നത്. മുസിരിസിനെ പുനരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലെത്തിയ യുഡിഎഫിന് പദ്ധതിക്കായി എന്തുചെയ്യാനാകുമെന്നാണ് ചരിത്ര സ്നേഹികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

ചേര രാജവംശത്തിന്റെ പ്രധാന തുറമുഖമായിരുന്ന കൊടുങ്ങല്ലൂരാണ് നൂറ്റാണ്ടുകൾക്ക് മുൻപ് മുസിരിസ് എന്ന പേരിൽ അറിയപ്പെട്ടത്. ലോകത്തിന്റെ സുഗന്ധവ്യഞ്ജന തലസ്ഥാനമായിരുന്ന മുസരിസിലൂടെ പലകാലഘട്ടങ്ങളിലായി ലോകം ഇന്ത്യയിലേക്ക് വിരുന്നിനെത്തി. 2,500 വർഷം മുൻപ് ഈ നാടിനെ തേടിയെത്തിയ ഗ്രീക്കുകാരുടെയും ജൂതന്മാരുടെയും റോമക്കാരുടെയും യൂറോപ്യന്മാരുടെയും ചരിത്ര സംസ്കാരങ്ങളുടെ കൂടി ചുരുക്കെഴുത്താണ് മുസിരിസ് പൈതൃക പദ്ധതി.

ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണ പദ്ധതി എന്ന നിലയിലും കേരളത്തിലെ ആദ്യ ഹരിത പദ്ധതിയെന്ന നിലയിലുമാണ് 2009ൽ മുസിരിസിന് തുടക്കം കുറിക്കുന്നത്. യുനെസ്കോയുടെ പിന്തുണയോടെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സംയുക്തമായി വിശാല ലക്ഷ്യങ്ങളോടെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ പദ്ധതി ചുരുങ്ങിയ വർഷങ്ങൾക്കകം അവഗണിക്കപ്പെട്ടു.

ഒട്ടേറെ ചരിത്ര സംസ്കാരങ്ങളുടെ സംഗമ കേന്ദ്രമായ വടക്കൻ പറവൂർ താലൂക്കും കൊടുങ്ങല്ലൂർ താലൂക്കും ഉൾപ്പെടുന്നതാണ് മുസരിസിന്റെ പൈതൃക ഭൂമി. പദ്ധതിയിലൂടെ അന്തർദേശീയ ചരിത്ര ടൂറിസം ഇടനാഴിയായി ഈ പ്രദേശമാറുമെന്നും അതിനൊത്ത അനുബന്ധ പ്രവർത്തനങ്ങൾ നടത്തുമെന്നുമായിരുന്നു പ്രഖ്യാപനങ്ങൾ. എന്നാൽ നേതൃത്വത്തിന്റെ വീഴ്ചകളും, സർക്കാർതലത്തിലെ പാളിച്ചകളും, പാതിവഴിയിൽ നിലച്ച അനുബന്ധ പ്രവർത്തനങ്ങളും ഫണ്ടുകളുടെ അപര്യാപ്തതയും പലകാലഘട്ടങ്ങളിലായി പൈതൃക പദ്ധതിക്ക് വിലങ്ങ് തടയായി മാറി.

ചരിത്രാന്വേഷികളും ഗവേഷക -വിദ്യാർഥികളും തിരഞ്ഞെത്തുന്നതിനാൽ മുസിരിസ് പദ്ധതി ഇന്നും നിലനിന്നു പോകുന്നു. പുരാതന ആരാധനാലയങ്ങളെ കൂടാതെ ടൂറിസം കേന്ദ്രങ്ങളെന്ന നിലയിൽ ചില സ്മാരകങ്ങളും മ്യൂസിയങ്ങളും പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര ബന്ധമുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ പദ്ധതിയെ വീണ്ടും സജീവമാക്കുമെന്നാണ് പുതിയ മന്ത്രിസഭയുടെ പ്രഖ്യാപനം. വാഗ്‌ദാനങ്ങൾക്കപ്പുറം വിഷയത്തിൽ സർക്കാർ സമീപനം എന്താകുമെന്നാണ് ഇനിയും കാത്തിരുന്ന് കാണേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button