കോടതി വിളക്ക്’ പേര് മാറ്റുന്ന കാര്യം ആലോചിക്കണം; മൂന്ന് മാസത്തിനകം തീരുമാനം വേണം, ഗുരുവായൂർ ദേവസ്വം കമ്മിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് അഭിഭാഷകരും ജുഡീഷ്യൽ ഉദ്യോഗസ്ഥരും സംഘടിപ്പിച്ചുപോരുന്ന കോടതി വിളക്ക് ആഘോഷത്തിന്റെ പേരുമാറ്റം സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി ഗുരുവായൂർ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് നിർദ്ദേശം നൽകി. നേരത്തെ, ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി നടത്തുന്ന ഈ വിളക്കാഘോഷത്തിൽ നിന്ന് ജുഡീഷ്യൽ ഓഫീസർമാർ വിട്ടുനിൽക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
തൃശ്ശൂർ ജില്ലയുടെ ചുമതലയുണ്ടായിരുന്ന ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാരാണ് 2022ൽ തൃശ്ശൂർ ജില്ലാ ജഡ്ജിക്ക് ഇതുസംബന്ധിച്ച കത്തയച്ചത്. മതേതര ജനാധിപത്യ സ്ഥാപനങ്ങൾ എന്ന നിലയിൽ കോടതികൾ ഏതെങ്കിലും പ്രത്യേക മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കുന്നത് ശരിയല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ബാർ അസോസിയേഷൻ അംഗങ്ങൾ ഒറ്റയ്ക്കോ കൂട്ടായോ പരിപാടികൾ നടത്തുന്നതിൽ എതിർപ്പില്ലെങ്കിലും കോടതി വിളക്ക് എന്ന പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം, ക്ഷേത്രത്തിനകത്തും നടപ്പന്തലിലും വിളക്കുകൾ തെളിയിച്ചും മേൽപത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ സംഘടിപ്പിച്ചും മുൻവർഷങ്ങളിലും കോടതി വിളക്ക് ആഘോഷം നടന്നിരുന്നു. കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ, കക്കാട് രാജപ്പൻ മാരാർ എന്നിവരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയാവുകയും, സാംസ്കാരിക പരിപാടികൾ ജസ്റ്റിസ് പി സോമരാജൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. അഗതി മന്ദിരത്തിൽ നടന്ന അന്നദാനത്തിൽ ജഡ്ജിമാരായ എൻ. ശേഷാദ്രിനാഥ്, എ പി ഷിബു എന്നിവരും പങ്കാളികളായിരുന്നു. നോട്ടിസുകളിലും കമാനങ്ങളിലും തെക്കേനടയിലും കിഴക്കേനടയിലും ‘കോടതി വിളക്ക്’ എന്ന് രേഖപ്പെടുത്തിയിരുന്ന സാഹചര്യത്തിലാണ് പേരുമാറ്റം സംബന്ധിച്ച പുതിയ നിർദ്ദേശം ഹൈക്കോടതി നൽകിയിരിക്കുന്നത്.



