സിക്കിം തുരങ്ക അപകടം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു

സിക്കിമില്‍ ജലവൈദ്യുത പദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കൊൽക്കത്തയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് രാവിലെയോടെ എത്തിച്ച മൃതദേഹം പ്രത്യേക ആംബുലൻസിലാണ് 10 മണിയോടെ പാമ്പാടിയിലെ വീട്ടിലെത്തിച്ചത്. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.രാവിലെ ഏഴ് മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. നോർക്ക അധികൃതരും, പാമ്പാടി പഞ്ചായത്ത് അംഗങ്ങളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. കഴിഞ്ഞ തിങ്കളാഴ്ചയാണ് എൻ.എച്ച്.പി.സി സിക്കിം യൂണിറ്റ് മാനേജറായിരുന്ന അനീഷ് മോഹനെ ദുരന്തത്തിൽ കാണാതായത്. പിന്നീട് നടന്ന തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അനീഷ് അടക്കം 25 പേരാണ് തുരങ്ക ദുരന്തത്തിൽ മരിച്ചത്. സിക്കിമിലെ നാംചി ജില്ലയിലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലുള്ള തുരങ്കമാണ് തകർന്നത്. പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിക്കിടന്ന മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് വിവരം.




