Uncategorized

മരത്തടി പിടിക്കാൻ ചാടിയത് മരണത്തിലേക്ക്; മൂന്ന് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മമ്പാടി സ്വദേശിയായ യാഷിക് ആണ് മരിച്ചത്. എടവണ്ണ ഭാഗത്തുനിന്നാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഒഴുക്കിൽപെട്ട യാഷിക്കിനായി മൂന്നുദിവസമായി തെരച്ചിൽ നടത്തിവരികയായിരുന്നു. നാലാം ദിവസമായ ഇന്ന് തെരച്ചിൽ ആരംഭിച്ചതിനിടെ ആണ് പ്രതീക്ഷകൾ വിഫലമാക്കി മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓടായിക്കല്‍ പാലത്തിനുതാഴെവെച്ചാണ് യാഷിക് ഒഴുക്കിൽപെട്ടത്. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയിലടക്കം രണ്ട് ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചു വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് പുലർച്ചെ ആരംഭിച്ച തെരച്ചിലിനിടെ, എടവണ്ണ പാലം ഭാഗത്ത് മൃതദേഹം അടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. കരയ്ക്കെത്തിച്ച മൃതദേഹം ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.

കനത്ത മഴയ്ക്കിടെ ഒഴുകിവന്ന മരത്തടികൾ പിടിക്കാനായി സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചാടിയതിനിടെ ആണ് യാഷിക് അപകടത്തിൽപെട്ടത്. മരത്തടികൾ കരയ്ക്കടുപ്പിക്കാനായി ശ്രമം നടത്തുന്നതിനിടെ യാഷിക് ഒഴുക്കിൽപെടുകയായിരുന്നു. തിരുവാലി, നിലമ്പൂർ ഫയർ ഫോഴ്സ് യൂണിറ്റുകളും ഇആർഎഫ് പ്രവർത്തകരും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button